നിമിഷനേരം കൊണ്ട് ചുറ്റിലും ഇരുട്ടുപരന്നു ! കൂറ്റന്‍തിമിംഗലത്തിന്റെ വായില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് കൊഞ്ചു പിടിത്തക്കാരന്‍…

കൂറ്റന്‍ തിമിംഗലത്തിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൈക്കിള്‍ പക്കാര്‍ഡ് എന്ന മുങ്ങല്‍ വിദഗ്ധന്‍.

മസാച്യുസെറ്റ്‌സിലെ കേപ് കോഡ് എന്ന സ്ഥലത്ത് കടലില്‍ പതിവുപോലെ കൊഞ്ചു പിടിക്കാനിറങ്ങിയ മൈക്കിളിനെ കാത്തിരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു അനുഭവമായിരുന്നു.

കൊഞ്ചുപിടിത്തത്തിനിടെ ഒരു കൂറ്റന്‍ തിമിംഗലം മൈക്കിളിനെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. തലനാരിഴയ്ക്കാണ് മൈക്കിളിന് ജീവന്‍ തിരികെ ലഭിച്ചത്.

ആഴക്കടലിലേക്ക് നീന്തുന്നതിനിടെ 45 അടി ആഴത്തില്‍വച്ച് പെട്ടെന്നെന്തോ ശക്തിയായി തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ചുറ്റിലും ഇരുട്ടു പരന്നു.

ആദ്യം സ്രാവ് തന്നെ ആക്രമിക്കുകയാണെന്നാണ് മൈക്കിള്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് തന്റെ ശരീരം സ്വന്തം നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഈ സമയം കൊണ്ട് താനൊരു തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വായ്ക്കുള്ളിലെ മസിലുകള്‍കൊണ്ട് തിമിംഗലം തന്നെ ഞെരിക്കുകയായിരുന്നുവെന്ന് മൈക്കിള്‍ പറയുന്നു.

മൈക്കിളിന്റെ ശരീരം പൂര്‍ണമായും തിമിംഗലത്തിന്റെ വായ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരുന്നു. ഇതോടെ രക്ഷപ്പെടാനായി ആവും വിധത്തില്‍ കൈകാലുകളിട്ടടിച്ചു.

നിമിഷങ്ങള്‍ക്കകം തിമിംഗലത്തിന്റെ തലഭാഗം ശക്തമായി വിറച്ചു. ഇതിനൊപ്പം വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഉയര്‍ന്നു വന്ന തിമിംഗലം വായ തുറക്കുകയും ചെയ്തു. ഇതോടെ താന്‍ തെറിച്ചു വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് മൈക്കിള്‍ ഓര്‍മിച്ചെടുക്കുന്നത്.

40 സെക്കന്‍ഡുകളില്‍ താഴെ മാത്രമാണ് മൈക്കിള്‍ തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ കഴിഞ്ഞത്. എന്നാല്‍ ഇത് വലിയൊരു കാലയളവായാണ് മൈക്കിളിന് തോന്നിയത്.

മരണം മുന്നില്‍ കണ്ടതോടെ മക്കളുടെയും ഭാര്യയുടെയും മുഖമാണ് തന്റെ മനസ്സിലേക്കെത്തിയതെന്ന് മൈക്കിള്‍ പറയുന്നു.

ഹംപ് ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലമാണ് മൈക്കിളിനെ വിഴുങ്ങിയത്. വെള്ളത്തിലേക്ക് തെറിച്ചുവീണ മൈക്കിളിനെ കൊഞ്ചുപിടുത്തത്തിനായി ഒപ്പമുണ്ടായിരുന്നവരിലൊരാള്‍ കരയിലേക്കെത്തിക്കുകയായിരുന്നു.

ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലുമെത്തിച്ചു. ശരീരത്തിലാകെ ചതവുകള്‍ ഉണ്ടായെന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും മൈക്കിളിനില്ല. താന്‍ രക്ഷപ്പെട്ടു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് മൈക്കിള്‍ പറയുന്നു.

Related posts

Leave a Comment