മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ലീഗിനേക്കാള്‍ ആധി സിപിഎമ്മിന്, ബിജെപിക്ക് വളക്കൂറുള്ള മണ്ണില്‍ രണ്ടാം താമര വിരിക്കാനെത്തുക സുരേന്ദ്രന്‍ തന്നെയെന്ന് സൂചന, കളംപിടിക്കാന്‍ കോണ്‍ഗ്രസും

കാസര്‍ഗോഡും അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരവും കേരള രാഷ്ട്രീയത്തില്‍ എന്നും അടുത്തു നില്ക്കുന്ന സ്ഥലമാണ്. ഒരുകാലത്ത് മുസ്‌ലീം ലീഗിന്റെയും സിപിഎമ്മിന്റെയും ശക്തികേന്ദ്രമായ മണ്ഡലത്തില്‍ 1987 മുതലാണ് ബിജെപി ശക്തികേന്ദ്രമായി മാറുന്നത്. പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയായിരുന്നു രണ്ടാംസ്ഥാനത്ത്.

സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ മഞ്ചേശ്വരത്ത് അടുത്തകാലത്ത് സ്ഥിരമായി ബിജെപിക്കായി മത്സരിച്ചിരുന്നത് കെ. സുരേന്ദ്രനായിരുന്നു. കഴിഞ്ഞതവണ വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിനോട് തോറ്റത്. റസാഖിന്റെ ജനകീയതയാണ് അന്ന് സുരേന്ദ്രനെ ജയത്തില്‍ നിന്ന് തടഞ്ഞത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഏറ്റവുമധികം സന്തോഷിപ്പിക്കുക ബിജെപിയെ തന്നെയാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമായി വലിയ മുന്‍തൂക്കം സ്വന്തമാക്കിയ ബിജെപിക്ക് വളക്കൂറുള്ള മണ്ഡലത്തില്‍ സംസ്ഥാനത്തെ രണ്ടാം താമര വിരിയിക്കാനുള്ള അവസരമാണ് ലഭിച്ചത്.

സ്വന്തം മണ്ഡലമല്ലെങ്കിലും മഞ്ചേശ്വരത്ത് ഇപ്പോഴൊരു ഉപതെരഞ്ഞെടുപ്പ് വരുന്നത് സിപിഎമ്മിന് ഏറെ നെഞ്ചിടിപ്പാണ് സമ്മാനിക്കുന്നത്. പണ്ടേ മണ്ഡലത്തില്‍ അത്ര ശക്തരല്ല സിപിഎം. ബിജെപിയുടെ വളര്‍ച്ചയോടെയാണ് സിപിഎമ്മിന് അടിതെറ്റിയത്. ഇപ്പോഴും പാര്‍ട്ടിക്ക് അടിത്തറയുണ്ടെങ്കിലും പഴയ ശക്തിയൊന്നുമില്ല. അടുത്തു വരുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ആത്മവിശ്വാസം അവര്‍ക്ക് കുറവാണ്. ശബരിമല വിഷയം കത്തിനിന്ന ശേഷം ബിജെപി ജയിച്ചാല്‍ സര്‍ക്കാരിനും പിണറായി വിജയനും അതു തിരിച്ചടിയാകും.

വിടവാങ്ങിയത് ജനകീയന്‍

പി.ബി.അബ്ദുള്‍ റസാഖിന് മഞ്ചേശ്വരത്തുകാര്‍ സ്‌നേഹപൂര്‍വം നല്‍കിയ പേരായിരുന്നു റദ്ദുച്ച. 2011-ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ മത്സരിക്കാനായി നിയോഗിച്ചപ്പോള്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായി 19 വര്‍ഷം മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന ലീഗിന്റെ അതികായന്‍ ചെര്‍ക്കളം അബ്ദുള്ള 2006-ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സി.എച്ച്.കുഞ്ഞന്പുവിനോട് 4,829 വോട്ടിന് തോല്‍വി ഏറ്റുവാങ്ങിയത് ലീഗിന് തിരിച്ചടിയായിരുന്നു. കൂടാതെ ബിജെപി ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ശക്തിപ്രാപിച്ചു വരുകയും ചെയ്തു. ഇതുകൂടാതെ ലീഗിന്റെ പരമ്പരാഗത വോട്ട്ബാങ്കിലും ചോര്‍ച്ച സംഭവിച്ചു.

നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു കന്നിയങ്കത്തില്‍ റസാഖിനുണ്ടായിരുന്നത്. എന്നാല്‍ ചിരിച്ചുകൊണ്ടു തെരഞ്ഞെടുപ്പിനെ നേരിട്ട അബ്ദുള്‍ റസാഖ് മണ്ഡലം തിരിച്ചുപിടിച്ചു. കുഞ്ഞമ്പുവിനെ ആദ്യ അങ്കത്തില്‍ 5,828 വോട്ടിനാണ് അബ്ദുള്‍ റസാഖ് തോല്‍പിച്ചത്. ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരം മണ്ഡലത്തില്‍ വെറും നാലാംക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലായുണ്ടായിരുന്ന റസാഖ് കന്നടയും തുളുവുമെല്ലാം അനായാസം കൈകാര്യം ചെയ്ത് പ്രിയങ്കരനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴും എംഎല്‍എ ആയിരുന്നപ്പോഴും സ്വന്തം കൈയില്‍ നിന്നു പോലും പണം മുടക്കി അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എതിരാളികളെ വാക്കിലോ നോക്കിലോ വേദനിപ്പിക്കാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

വിടവാങ്ങിയത് തെരഞ്ഞെടുപ്പ് കേസില്‍ വിധി വരും മുമ്പ്

കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പില്‍ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു മഞ്ചേശ്വരം മണ്ഡലത്തിലേത്. ബിജെപിക്ക് രണ്ടാമത്തെ സീറ്റ് കേരളത്തില്‍ ലഭിക്കുമോയെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ഒടുവില്‍ ഫോട്ടോഫിനിഷില്‍ അബ്ദുള്‍ റസാഖ് 89 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ അത് ചരിത്രമായി.

ബിജെപിയുടെ കെ. സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തെത്തിയത്. 56,870 വോട്ട് അബ്ദുള്‍ റസാഖിന് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56,781 വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചു. സിറ്റിംഗ് എംഎല്‍എയായിരുന്ന സിപിഎമ്മിലെ സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. തന്റെ ഭൂരിപക്ഷമായ 89 എന്ന നമ്പറണ് അദ്ദേഹം തന്റെ പുതിയ കാറിന് നല്‍കിയത്.

എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന മണ്ഡലമായിരുന്നു വടക്കന്‍ കേരളത്തിലെ മഞ്ചേശ്വരം. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഏറെ പ്രതീക്ഷ വച്ചിരുന്ന മണ്ഡലവും ഇതായിരുന്നു. സംസ്ഥാനത്ത് ഏറെ വാശിയേറിയ മത്സരം നടക്കുന്ന ജില്ലയിലെ മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശക്തമായ പോരാട്ടം തന്നെയാണ് നടന്നത്. തെരഞ്ഞടുപ്പില്‍ കള്ളവോട്ട് നടന്നു എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ തെരെഞ്ഞടുപ്പ് വിധി ചോദ്യം ചെയ്ത് നിയമ പോരാട്ടം നടത്തിവരികയായിരുന്നു. ഇതിന്റെ വിധി വരും മുന്പാണ് അബ്ദുള്‍ റസാഖ് വിടവാങ്ങിയിരിക്കുന്നത്.

Related posts