ആന്റണിയുടെ അപരനെ ഓര്‍മയില്ലേ ! രാജീവ് കളമശേരിയുടെ ഓര്‍മകള്‍ മങ്ങുന്നു; ഓര്‍മ തിരിച്ചു പിടിക്കാന്‍ പരിശ്രമിച്ച് വീട്ടുകാരും സുഹൃത്തുക്കളും…

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരന്‍ എന്ന നിലയില്‍ മികിക്രിവേദികളിലും മിനിസ്‌ക്രീനിലും സ്ഥിരസാന്നിദ്ധ്യമായിരുന്ന കലാകാരന്‍ രാജീവ് കളമശ്ശേരി ഇന്ന് നയിക്കുന്നത് ഓര്‍മകള്‍ മങ്ങുന്ന ജീവിതം. രാജീവ് കളമശേരിയെ എ.കെ. ആന്റണി ഇന്നലെ ഫോണില്‍ വിളിച്ചു. ഓര്‍മകള്‍ അല്‍പം മങ്ങി വീട്ടില്‍ കഴിയുന്ന രാജീവിന്റെ നില അറിയാനായിരുന്നു ആന്റണിയുടെ വിളി.

പക്ഷേ, മറുപടി പറയാന്‍ വാക്കുകള്‍ വന്നില്ല. സംസാരിക്കാന്‍ മടിച്ച രാജീവിനെ കൂടെയുണ്ടായിരുന്നവര്‍ പ്രോല്‍സാഹിപ്പിച്ചു. അങ്ങനെ ഏതാനും വാക്കുകള്‍… ഈ അവസ്ഥ മാറുമെന്നും പഴയ നിലയിലേക്ക് എത്തുമെന്നും ആശംസിച്ച ആന്റണിയുടെ വാക്കുകള്‍ രാജീവിനെ ഏറെ സന്തോഷിപ്പിച്ചു. അവതരിപ്പിക്കാനിരുന്ന ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ജൂലൈ 12നു നേരിട്ട ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു തുടക്കം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു വിശ്രമത്തിലിരിക്കെ രാജീവ് കുഴഞ്ഞുവീണതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയിലെത്തിച്ചു.

30നു നടത്തിയ പരിശോധനയില്‍, അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി. വീട്ടിലെത്തിയ രാജീവിന് അര മണിക്കൂറിനകം വീണ്ടും അസ്വസ്ഥത തോന്നി. ഹൃദയത്തിനു കുഴപ്പമില്ലെങ്കിലും കടുത്ത തലവേദന സഹിക്കാനാവാത്ത അവസ്ഥയായി. വാക്കുകള്‍ ശരിയാംവണ്ണം പറയാനാവില്ലെന്നതായിരുന്നു പ്രകടമായ തകരാര്‍. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രാജീവിന് ഓര്‍മകള്‍ നഷ്ടപ്പെടുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. രാജീവിനോടു കൂടുതല്‍ സംസാരിച്ചും ഓര്‍മകള്‍ പങ്കുവച്ചും അദ്ദേഹത്തെ പഴയ നിലയിലേക്കു കൊണ്ടുവരാനാകുമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി സഹോദരി സാജിത പറഞ്ഞു.

ആയിരങ്ങളെ പൊട്ടിച്ചിരിപ്പിച്ച മിമിക്രി വിഡിയോകള്‍ കളമശേരിയിലെ വീട്ടില്‍ ഇപ്പോള്‍ രാജീവിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയാണ്. കൂട്ടുകാരെത്തി അദ്ദേഹത്തെ പഴയ കാലത്തേക്ക് നയിക്കുന്നു. ഒ.രാജഗോപാല്‍, വെള്ളാപ്പള്ളി നടേശന്‍, എ.കെ. ആന്റണി തുടങ്ങിയവരെ അനുകരിച്ചു രാജീവ് അവതരിപ്പിച്ച മിമിക്രി പരിപാടികള്‍ തുടര്‍ച്ചയായി ടിവിയില്‍ കാണിക്കുന്നുണ്ട്. ശാരീരികമായി മറ്റൊരു തകരാറുമില്ലാതെ കളമശേരിയിലെ വീട്ടില്‍ കഴിയുന്ന രാജീവിനെ പഴയ നിലയിലെത്തിക്കാന്‍ വീട്ടുകാരും കൂട്ടുകാരും ഒന്നിച്ചു പരിശ്രമിക്കുകയാണ് ശ്രമിക്കുന്നു. ഭാര്യ സൈനബയും നാല് മക്കളുമടങ്ങുന്നതാണു രാജീവിന്റെ കുടുംബം.

Related posts