കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ ശേഷം ഗള്‍ഫിലേക്കെന്നു പറഞ്ഞ് പറക്കുന്നത് കരിപ്പൂരേക്ക് ! പിന്നെയുള്ള ആറുമാസം പലപല കലാപരിപാടികള്‍;കോടീശ്വരനായ മോഷ്ടാവ് നൗഷാദിന്റെ കഥകേട്ട് പോലീസുകാരുടെ കണ്ണുതള്ളി…

ചേര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങള്‍തൊടി നൗഷാദ്(40)നെ പിടികൂടിയത് മോഷണത്തിനാണ് എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. സാഹസികമായി തങ്ങള്‍ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങള്‍ക്കൊണ്ട് താനൂര്‍ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയില്‍ പിടികൂടുമ്പോള്‍ രക്ഷപ്പെടാന്‍ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോള്‍ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്.

പട്ടാമ്പി വല്ലപ്പുഴ കോടികള്‍ വിലയുള്ള രണ്ടു വീടാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. പിന്നെ ധാരാളം സ്വര്‍ണവും പണവും.നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവന്‍ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതല്‍. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാള്‍ പണിത കോടികള്‍ വിലമതിക്കുന്ന രണ്ടു വീടുകളും ഉള്ളത് വല്ലപ്പുഴയിലാണ്.

പാലക്കാടുള്ള ഭാര്യയേയും ബന്ധുക്കളെയും സംബന്ധിച്ച് നൗഷാദ് ഗള്‍ഫിലാണ്. വീട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് ആണെന്ന് പറഞ്ഞാണ് പെട്ടിയും തൂക്കി നൗഷാദ് ഇറങ്ങുക. ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഭാര്യയും ഉറ്റബന്ധുക്കളും കൊണ്ടുവിട്ടിട്ടുമുണ്ട്. ടാറ്റ കാണിച്ച് വിമാനം കയറാന്‍ ഒരുങ്ങുന്ന നൗഷാദിനെയാണ് ഇവര്‍ കണ്ടിട്ടുള്ളത്. എന്നാല്‍ നെടുമ്പാശേരിയില്‍ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്ളൈറ്റിലാവും.

കരിപ്പൂരില്‍ ഇറങ്ങുന്നതോടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിക്കുക വാട്ട്സ് ആപ്പ് കോളില്‍ മാത്രം. ഫോണില്‍ സിം പുതിയ ആകും. ഈ നമ്പര്‍ നൗഷാദ് രഹസ്യമായി സൂക്ഷിക്കും. ഈ സിമ്മിലുള്ള പിന്നീടുള്ള നൗഷാദിന്റെ വിളികള്‍. ആറുമാസം കഴിയുമ്പോള്‍ വീണ്ടും നൗഷാദ് വീട്ടിലെത്തും. അപ്പോള്‍ മൊബൈല്‍ വീണ്ടും സ്വിച്ച് ഓണ്‍ ആകും. ഒരു തവണ നൗഷാദ് ഗള്‍ഫില്‍ പോയതായി താനൂര്‍ പൊലീസ് സംശയിക്കുന്നുണ്ട്. ആ പോക്കില്‍ മോഷണത്തിന് ഗള്‍ഫിലെ ഏതോ ജയിലില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേരളത്തിലെ ട്രെയിനുകളിലുള്ള യാത്രയാണ് നൗഷാദിനെ സംബന്ധിച്ച് ഗള്‍ഫിലെ ആറുമാസം. പകല്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങും. വീടുകള്‍ പകല്‍ കണ്ടുവയ്ക്കും. രാത്രി വീട്ടില്‍ കയറി മോഷണം. കൈ നിറയെ ഗോള്‍ഡുമായി പുറത്തിറങ്ങും. രാത്രി സമയം കിട്ടിയാല്‍ കഴിയാവുന്ന എല്ലാം വീട്ടിലും കയറും. ജനല്‍ വഴി മോഷണത്തിന് ശ്രമിക്കും. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ദേഹത്ത് നിന്ന് അപഹരിക്കാനാണ് ശ്രമിക്കാറ്. പിടിവീഴുമെന്നു മനസ്സിലായാല്‍ ഓടി രക്ഷപ്പെടും. ഏഴടിയിലേറെ ഉയരം ഉള്ളയാളാണ് നൗഷാദ്. കാണുമ്പോള്‍ തന്നെ ഒരാജാനബാഹു. നല്ല ഉയരവും ആരോഗ്യവും ഉള്ളതിനാല്‍ ഓടി രക്ഷപ്പെടാന്‍ യാതൊരു പ്രയാസവുമില്ല. ഒരു സ്റ്റേഷനിലേക്ക് ഒരു ട്രെയിനില്‍ വരും. അടുത്ത ട്രെയിനിന്റെ സമയത്ത് മോഷണം നടത്തി സ്ഥലം വിടും. ഓപ്പറേഷന്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. പിടിവീണാല്‍ രണ്ടു വക്കീലുമാര്‍ കോടതിയില്‍ എത്തും. ഇതാണ് നൗഷാദിന്റെ രീതികള്‍ എന്ന് പൊലീസ് പറയുന്നു.

പിടിവീണ സമയത്തെല്ലാം വിദഗ്ധമായി രക്ഷപ്പെട്ടിട്ടുമുണ്ട്. പിടിയിലായാല്‍ പിന്നെ മാനസിക രോഗിയായി അഭിനയിച്ചാണ് രക്ഷപ്പെടാറുള്ളത്. വീടുവിട്ടു പോകുന്ന ആറുമാസക്കാലത്ത് പലയിടത്തും സ്ത്രീകളെ ഭാര്യമാരാക്കിയാണ് നൗഷാദിന്റെ വാസം. ഫോണിലൂടെ അവിചാരിതമായി പരിചയപ്പെടുന്ന സ്ത്രീകളെ വളച്ചെടുത്ത് ശാരീരിക ബന്ധം പുലര്‍ത്തും. ഏറെയും വീട്ടമ്മമാരാണ് ഇയാളുടെ ഇരകളായിരുന്നത്.

ഇങ്ങിനെയുള്ള സ്ത്രീകളെ നൗഷാദ് ഭീഷണിപ്പെടുത്തും. അവരുടെ കയ്യില്‍ നിന്നും പണവും സ്വര്‍ണവും അപഹരിക്കും. പുറത്തു പറഞ്ഞാല്‍ ബന്ധം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും. ഇതോടെ സ്ത്രീകള്‍ നിശബ്ദരാകും. ഇങ്ങിനെ എത്ര സ്ത്രീകളുമായി നൗഷാദ് ബന്ധം പുലര്‍ത്തി എന്നും എത്ര പവനും കാശും അപഹരിച്ചു എന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. താനൂര്‍ കാട്ടിലങ്ങാടി പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയപ്പോഴാണ് കോടീശ്വരനായ മോഷ്ടാവിനെ താനൂര്‍ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്.

താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍വച്ചാണ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്‌കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. രണ്ട് വീടുകളില്‍ നിന്നായി പതിമൂന്നര പവന്‍ സ്വര്‍ണാഭരണവും പണവും മോഷണം നടത്തിയിരുന്നു. അടുത്ത ദിവസം മറ്റൊരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ രൂപം വീട്ടുകാര്‍ക്ക് അറിയാന്‍ സാധിച്ചതിനാല്‍ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച ശേഷം നടത്തിയ തിരച്ചിലിലാണ് നൗഷാദിനെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടുന്നത്. ആദ്യം പോലീസിനെ തള്ളി ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Related posts