പതിനൊന്ന് ദിവസത്തെ തന്ത്രം മെനയല്‍! രണ്ട് ദിവസം മുമ്പ് ഇന്ത്യയില്‍ തന്നെ ട്രയല്‍; ഇന്ത്യയുടെ മിറാഷ് പോര്‍വിമാനങ്ങളുടെ കരുത്തറിഞ്ഞതോടെ പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ പിന്തിരിഞ്ഞു

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കനത്ത തിരിച്ചടി. അതാണ് ഇന്ത്യന്‍ സൈന്യം, പുല്‍വാമയ്ക്ക് പകരമായി ലക്ഷ്യം വച്ചത്. പുല്‍വാമ ആക്രമണത്തിനുശേഷം 11 ദിവസങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന തിരിച്ചടിയ്ക്കായി ഇന്ത്യ കോപ്പുകൂട്ടിയത്.

ഭീകരാക്രമണം നടന്നതിന്റെ പിറ്റേദിവസം, ഫെബ്രുവരി 15ന് തന്നെ വ്യോമസേനാ മേധാവി ബിഎസ് ധനോവ ആക്രമണ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യോമാക്രമണം നടത്താമെന്നായിരുന്നു ധനോവ മുന്നോട്ടുവച്ച ആക്രമണ പദ്ധതി. ഫെബ്രുവരി 16 മുതല്‍ 20 വരെ ഇന്ത്യന്‍ വ്യോമസേന ഹെറോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമനിരീക്ഷണം നടത്തി. ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ ആക്രമണം നടത്തേണ്ട പ്രദേശങ്ങളും ഭീകര ക്യാംപുകളും കണ്ടെത്തി ടാര്‍ഗറ്റ് ടേബിളുണ്ടാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ആക്രമണം നടത്തേണ്ട ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചത്.

22ന് വ്യോമസേനയുടെ സ്‌ക്വാഡ്രോണ്‍ 1 (ടൈഗേഴ്‌സ്), സ്‌ക്വാഡ്രോണ്‍ 7 (ബാറ്റില്‍ ആക്‌സസ് എന്നീ സ്‌ക്വാഡ്രോണുകളെ ഒരുക്കി നിര്‍ത്തി. ഫെബ്രുവരി 24ന് ആഗ്രയില്‍ ട്രെയല്‍ നടന്നു. ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ്-2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്.

പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നാണ്.

അതേസമയം വ്യോമസേനാ നടപടിക്കിടെ ഇന്ത്യയുടെ മിറാഷ് പോര്‍വിമാനങ്ങളുടെ കരുത്തറിഞ്ഞതോടെ പാക് വിമാനങ്ങള്‍ പിന്തിരിഞ്ഞു എന്നതാണ് ഏറ്റവും രസകരമായ കാര്യം. എഫ് 16 യുദ്ധ വിമാനങ്ങളാണത്രേ ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ ശ്രമിച്ചത്.

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുപാളയം തകര്‍ത്ത് മുന്നേറാനും ബോംബുകള്‍ വര്‍ഷിക്കാനും കെല്‍പ്പുള്ള മിറാഷ്-2000 വിമാനങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ പാക് യുദ്ധ വിമാനങ്ങള്‍ക്ക് പ്രതിരോധം അസാധ്യമായി. ഇതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related posts