മുംബൈ: സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ബ്ലേഡുകൊണ്ട് ആക്രമിച്ച യുവതിക്കെതിരെ കേസെടുത്തു. താനെ സ്വദേശിനിയായ മോഡൽ സോഹം ബാനർജി (31) ആണ് അതിക്രമം നടത്തിയത്.
ഓഗസ്റ്റ് 12ന് ബാന്ദ്രഗംഗാനഗർ അരാവലി എക്സ്പ്രസിലാണ് സംഭവം. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്നാണ് സഹയാത്രികരുടെ മൊഴി. യുവതിയോട് റിസർവ് ചെയ്ത സീറ്റിൽനിന്ന് മാറാൻ സഹയാത്രികൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
തുടർന്ന് യാത്രക്കാരൻ ആർപിഎഫിനെയും ടിക്കറ്റ് ചെക്കറെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി ഇടപെട്ടതോടെ തർക്കം രൂക്ഷമായി. ഇതോടെ യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും റേസർ ബ്ലേഡുകൊണ്ട് ആർപിഎഫ് ഉദ്യോഗസ്ഥയെയും ടിക്കറ്റ് ചെക്കറെയും ആക്രമിക്കുകയായിരുന്നു.
ഇതോടൊപ്പം യുവതി സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ട്രെയിൻ അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ റെയിൽവെ പോലീസിന് കൈമാറി. ഓഗസ്റ്റ് 13ന് ബൊറിവലി റെയിൽവെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
