പ്രതികളെ ശിക്ഷിപ്പിക്കുന്നതിനെക്കാള്‍ താത്പര്യം സംഭവം നിയമത്തിനു മുന്നിലെത്തിച്ചവരെ കുടുക്കാന്‍ പോലീസ് കാണിക്കുന്നതെന്തിന്! എടപ്പാളിലെ തിയറ്റര്‍ ഉടമയുടെ അറസ്റ്റ് പോലീസിന്റെ പ്രതികാര നടപടിയെന്ന് ആരോപണം

സിനിമാ പ്രദര്‍ശനത്തിനിടെ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം പുറത്തുകൊണ്ടുവന്ന തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷാജി വര്‍ഗീസാണു തീയറ്റര്‍ ഉടമ ഇ.സി. സതീശനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യാന്‍ ചങ്ങരംകുളം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷമായിരുന്നു അറസ്റ്റ്.

കഴിഞ്ഞ ഏപ്രില്‍ 18-നാണ് എടപ്പാള്‍ ശാരദ ടാക്കീസില്‍ മാതാവിനൊപ്പമെത്തിയ ബാലികയെ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി പീഡിപ്പിച്ചത്. തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളിലൂടെയാണു സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, പോലീസിനെ വിവരമറിയിക്കാന്‍ വൈകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ആരോപിച്ചാണു തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.

സതീശനെതിരേ പോക്സോ ചുമത്തുമെന്നും മഞ്ചേരി കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറയുകും ചെയ്തു. എന്നാല്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉള്‍പ്പെടെ പോലീസ് നടപടിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയതോടെ ഉച്ചകഴിഞ്ഞ് സതീശനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമാനുസൃതം നടപടിയെടുത്തിട്ടും ഉടമയെ അറസ്റ്റു ചെയ്തതിലൂടെ വെളിപ്പെട്ടത് പോലീസിന്റെ പ്രതികാര മനോഭാവം മൂലമാണെന്നും ആരോപണം ഉയരുന്നുണ്ട്. ഒരു സാധാരണ പൗരനെന്ന നിലയില്‍ സ്വന്തം സ്ഥാപനത്തില്‍ ആദ്യമായുണ്ടായ സംഭവം സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സധൈര്യം നിയമസംവിധാനത്തിനു മുന്നിലെത്തിച്ചതിന്റെ പേരിലുണ്ടായ നടപടി സാക്ഷരകേരളത്തിന് അപമാനകരമാണെന്നും സോഷ്യല്‍മീഡിയകളിലടക്കം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

തിയേറ്റര്‍ ഉടമയെ കേരളമാകെ പ്രശംസിച്ചിട്ടും പോലീസ് പ്രതിക്കൂട്ടിലായതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് ഇദ്ദേഹത്തിനെതിരേയുള്ള നടപടിയിലൂടെ തെളിഞ്ഞതെന്നും പറയപ്പെടുന്നു. സ്വന്തം സ്ഥാപനത്തിന്റെ സല്‍പ്പേരിനു കളങ്കം വന്നേക്കാമെന്ന് ഭയമുണ്ടായിട്ടും വകവെക്കാതെയാണ് ഇദ്ദേഹം നിയമനടപടിക്ക് വഴിയൊരുക്കിയത്. ആരുമറിയാതെ സി.സി.ടി.വി. കാമറയിലെ ദൃശ്യങ്ങള്‍ മായ്ച്ചുകളയാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നിട്ടും അദ്ദേഹമത് ചെയ്തില്ല. പ്രതികളെ ശിക്ഷിപ്പിക്കുന്നതിനെക്കാള്‍ താത്പര്യം സംഭവം നിയമത്തിനു മുന്നിലെത്തിച്ചവരെ കുടുക്കാന്‍ പോലീസ് കാണിക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്.

Related posts