കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലിഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു.
ഇന്ത്യൻ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്സ് നല്കിയത്. നേരത്തെ കാലിക്കറ്റ്, കേരള സർവകാലാശാലകളുടെയും ഡോക്ടറേറ്റ് അദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നടനാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹമാണ് ഇവിടെ എത്തിനില്ക്കുന്നത്.പിതാവ് എന്നെ ഒരു ഡോക്ടർ ആയി കാണാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ചികിത്സിക്കാത്ത ഡോക്ടർ ആകാൻ മൂന്ന് തവണ സാധിച്ചു, മമ്മൂട്ടി പറഞ്ഞു.
അതത് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്), ബിരുദവും ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവുമാണ് നൽകിയത്.
