ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ അപകടകാരിയായ മോഴയാനയെ മയക്കുവെടിവച്ച് പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ ഓണത്തിനു ശേഷം വീണ്ടും സജീവമാക്കുന്നു. സർക്കാർ ഉത്തരവിനെ തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയെങ്കിലും ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ആനയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി കാമറകളും ഡ്രോണും ഉൾപ്പെടെ ഉപയോഗിച്ച് പ്രത്യേക ദൗത്യസംഘം നിരീക്ഷണം നടത്തിയിരുന്നു.
രണ്ടാഴ്ചയിലേറെയായി മേഖലയിൽ തുടരുന്ന ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തിരച്ചിൽ നടപടികളെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെയാണ് ആനയെ ഓണത്തിനു ശേഷം പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചത്. ആന വനമേഖലയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയം വനംവകുപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരിക്കുന്ന തെളിവുകളില്ല.
ആനക്കൊട്ടിൽ ആറളത്ത് തന്നെ
പിടികൂടുന്ന ആനയെ ആദ്യം വയനാട്ടിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പിന്റെപദ്ധതി. എന്നാൽ വയനാട്ടിലേക്ക് മാറ്റുന്നതിനെതിരേ എതിർപ്പുകൾ ഉയർന്നതോടെ ആറളത്ത് തന്നെ ആനക്കൊട്ടിൽ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ആനക്കൊട്ടിലിനായി ഒരേ വണ്ണത്തിലും നീളത്തിലുമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതിയും നിർമാണത്തിനുള്ള ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്.
ഓണം കഴിഞ്ഞതോടെ മോഴയാനയെ കണ്ടെത്തി പിടികൂടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂടുമെന്നാണ് സൂചന.
