കണ്ണൂർ: എഴുത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യ കാരനും നോവലിസ്റ്റുമായ ടികെഡി. മുഴപ്പിലങ്ങാട് (ടി.കെ. ദാമോദരൻ -80) വിടപറഞ്ഞു. മുഴുവൻ സമയ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും പുതു എഴുത്തുക്കാർക്ക് പ്രചോദനവു മായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ ടികെഡി കണ്ണൂർ ജില്ലയിലെ മറ്റു എഴുത്തുകാർക്ക് വഴികാട്ടിയായിരുന്നു എന്ന് അനുഭവമുള്ളവരെല്ലാം പറയും.
കവിയരങ്ങുകളിലും കഥാപഠനക്കളരിയിലും ടികെഡിയുടെ സാന്നിധ്യം പതിവാണ്. വിവിധ നാടക സംഘങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും രൂപീകരണത്തിന് അദേഹം നേതൃത്വം നൽകി. സ്കൂൾ കോളജ് കലോത്സവങ്ങളിൽ സ്ഥിരം വിധികർത്താവായിരുന്നു.
എടക്കാട് സാഹിത്യ വേദിയുടെ മുഖ്യസംഘാടകനാണ്. തലശേരി സാഹിത്യകൂട്ടായ്മ, തലശേരി ഫിലിം സൊസൈറ്റി, കണ്ണൂർ സർഗവേദി, മുഴപ്പിലങ്ങാട് സാംസ്കാരികവേദി തുടങ്ങിയ ആദ്യകാല കൂട്ടായ്മകളുടെ ഭാരവാഹിയായിരുന്നു. ചെറുശേരി സാഹിത്യവേദിയുടെ പ്രസിഡന്റാണ്. 1946ൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ജനിച്ച അദ്ദേഹം നാടകകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ, സാംസ്കാരിക പ്രഭാഷകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ്. ടികെഡി യുടെ പല പുതിയ കൃതികളും അച്ചടിയിലാണ്.
കേരളത്തിനകത്തും പുറത്തും ബൃഹത്തായ സൗഹൃദ ബന്ധത്തിന്റെ ഉടമയാണ്.ആരേയും അത്ഭുതപെടുത്തുന്ന വിധത്തിൽ സൃഷ്ടികളുടെ വൈവിധ്യവും എഴുത്തിലെ നവീകരണവും അദേഹം ഉണ്ടാക്കിയിരുന്നു. ബാലസാഹിത്യവും നോവലും, ആകാശവാണി റേഡിയോ നാടകവുമൊക്കെ അദ്ദേഹത്തിന്റെ തുലികയിൽ അതിന്റേതായ രൂപത്തിൽ വിരിഞ്ഞു.
1983ൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ‘ഉണ്ണിക്കുട്ടനും കഥകളിയും’ എന്ന പുസ്തകത്തിന് ലഭിച്ചു. 2022ൽ നാടക മേഖലയിലെ സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം ലഭിച്ചു. ‘സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല’ എന്ന നാടകത്തിന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. പ്രധാന കൃതികൾ ബാലസാഹിത്യം: മന്ത്രക്കുടുക്ക, മിട്ടുവും കുഞ്ഞിസ്രാവും കടൽക്കാക്കയും, അപൂർവ സമ്മാനം, ആനമുട്ട, അമർജാൻ കഥകൾ. നോവലുകൾ: ജെന്നിയാണ് സ്നേഹം സ്നേഹമാണ് ജെന്നി, ആർദ്രഭാവങ്ങൾ, ഗംഗേ നീ സാക്ഷി, പൊൻ ചിലങ്ക. നാടകങ്ങൾ: സർക്കാർ കാര്യം മുറപോലെ, നരബലി, മനസ് എന്ന പക്ഷി. പഠനങ്ങൾ/ലേഖനങ്ങൾ: മനുസ്മൃതി – ഒരു പഠനം, പ്രസംഗ പരിശീലനം, ദേവദാസികൾ, വ്യഭിചാരത്തിന്റെ ചരിത്രം, ഞാൻ ബ്രഹ്മമാകുന്നു തുടങ്ങി ഒട്ടേറെ സൃഷ്ടികളുടെ രചയിതാവാണ്.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
പ്രശസ്ത സാഹിത്യകാരൻ ടികെഡി മുഴപ്പിലങ്ങാടിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. നോവൽ, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ടികെഡി അഭിനേതാവായും ശ്രദ്ധ നേടി. ബന്ധുക്കളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു.
പി. ജയകൃഷ്ണൻ
