തിരുവനന്തപുരം: എഡിജിപി. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ സംഭവത്തിൽ ബറ്റാലിയൻ എഡിജിപി. എം.ആർ. അജിത്കുമാറിനെതിരേ കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശിപാർശ നൽകി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. പി. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അജിത്കുമാർ നേരത്തെ മൊഴി നൽകിയിരുന്നു.
ആരോപണം അടിസ്ഥാനരഹിതമാണെന്നും അജിത്കുമാറിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജയൻ ആഭ്യന്തരവകുപ്പിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹേബ് ആണ് സർക്കാരിന് ശിപാർശ നൽകിയത്.
അതേസമയം വിജയന്റെ പരാതിയിൽ അജിത്കുമാറിനെതിരേ നടപടി വൈകുന്നതിൽ ഒരു വിഭാഗം ഐപിഎസ് ഓഫീസർമാർക്ക് അതൃപ്തിയുണ്ട്.വ്യാജമൊഴി നൽകിയതിനെതിരേ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ശിപാർശ ചെയ്തിട്ടും ഡിജിപിയുടെ റിപ്പോർട്ടിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.
ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ ഇതിൽ മുറുമുറുപ്പുണ്ട്. അജിത് കുമാറിനെതിരേ നടപടി വേണമെന്ന അഭിപ്രായമാണ് പല ഉദ്യോഗസ്ഥർക്കുമുള്ളത്. അതേസമയം തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്നാണറിയുന്നത്.പി.വി. അൻവർ അജിത്കുമാറിനെതിരേയും മുൻ മലപ്പുറം എസ്പിയായിരുന്ന സുജിത്ത് ദാസിനെതിരേയും നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാദത്തിനു തുടക്കമായത്.
കരിപ്പൂര് സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്വര് നൽകിയ പരാതിയിലുള്ള അന്വേഷണവേളയിലാണ് എഡിജിപി പി. വിജയനെതിരേ എഡിജിപി എം.ആർ. അജിത്കുമാര് മൊഴിനൽകിയത്. കരിപ്പൂരിലെ സ്വര്ണക്കടത്തില് പി. വിജയനു ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാറിന്റെ മൊഴി.
മൊഴി പിന്നീട് സുജിത് ദാസ് നിഷേധിച്ചിരുന്നു.അജിത്കുമാറിന്റെ മൊഴി അസത്യമാണെന്നും അന്വേഷണം വേണമെന്നും കാട്ടി പി. വിജയന് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തുനല്കിയിരുന്നു.