കണ്ണൂർ: ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണ് റിപ്പോർട്ടെന്ന് സൂചന. എങ്കിലും കഴുത്തിനും ഇടതു കൈയിലും നേരിയ ക്ഷതം ഉണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇന്നു രാവിലെ മെഡിക്കൽ ബോർഡ് ചേർന്നെങ്കിലും വിശദമായ റിപ്പോർട്ട് പുറത്തു വിട്ടിട്ടില്ല. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലാണ് വീണാ ജോർജിന് വിദഗ്ധ പരിശോധന നടത്തിയത്. ഇന്നലെ രാത്രി 10 ഓടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്.
എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. എന്നാൽ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ഇതുവരെ കിട്ടിയില്ല.റെയിൽവെ സ്റ്റേഷനി ലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു. അവർക്കും മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നു ലഭിച്ചില്ലെന്നാണ് സൂചന. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനു നേരെ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
