ജെറുസലേം: പശ്ചിമേഷ്യയിൽ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ ഇന്ത്യക്കു നിർണായക പങ്കുവഹിക്കാനുണ്ടെന്ന് ഇസ്രയേൽ വിദേശകാര്യസഹമന്ത്രി ഷാരെൻ ഹാസ്കൽ.
മേഖലയുടെ സമാധാനം ഉറപ്പാക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന ശക്തിയാണെന്നും, ഇസ്രയേൽ-ഇന്ത്യ-യുഎസ് ത്രികക്ഷി പങ്കാളിത്തം സമാധാന ശ്രമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹാസ്കൽ വ്യക്തമാക്കി.
ലോകത്തെ സുസ്ഥിരമാക്കാൻ ശ്രമിക്കുന്ന ശക്തികളുടെ ഭാഗമാണ് ഇന്ത്യയെന്ന് ഹാസ്കൽ വിശേഷിപ്പിച്ചു. മേഖലയിലെ സൈനികവും നയതന്ത്രപരവുമായ നീക്കങ്ങളിൽ ഇന്ത്യ സുപ്രധാന ഘടകമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഇറാൻ ലോകത്തെ വഞ്ചിക്കുകയാണെന്നും സമാധാന കരാറുകൾ ലംഘിച്ചുകൊണ്ട് അവർ യുദ്ധത്തിന്റെ പാത തെരഞ്ഞെടുക്കുന്നുവെന്നും ഇസ്രയേൽ മന്ത്രി കുറ്റപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്രശ്രമങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെങ്കിലും ഇറാന്റെ നിലപാടുകളിൽ തനിക്കു സംശയമുണ്ടെന്ന് ഹാസ്കൽ പറഞ്ഞു.
ചർച്ചകളിലൂടെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ഇറാന്റെ ശ്രമം. സ്വന്തം രാജ്യത്തെ ജനങ്ങളെപ്പോലും അടിച്ചമർത്തുന്ന ഭരണകൂടം ശത്രുക്കളോട് എങ്ങനെ പെരുമാറുമെന്നു ചിന്തിക്കാവുന്നതേയുള്ളൂ. ഇറാനിൽ പ്രതിഷേധക്കാർക്കെതിരേ നടക്കുന്ന ക്രൂരതകളും അവർ എടുത്തുപറഞ്ഞു.
മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചും മന്ത്രി ആവേശത്തോടെ സംസാരിച്ചു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിക്കു വലിയ സ്വീകരണമാണു ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും ഹാസ്കൽ പ്രത്യാശ പ്രകടിപ്പിച്ചു.
