കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെട്ട റോബോട്ടിക് പരിശോധന (ആർഒവി- റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ)യുടെ റിപ്പോർട്ട് ഉടൻതന്നെ ഉന്നതാധികാര സമിതിക്ക് കൈമാറും. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങൾ പരിശോധിച്ചതിന്റെ വിശദമായ റിപ്പോർട്ടാണ് കൈമാറുക. തമിഴ്നാട്-കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരാഴ്ചകൊണ്ടാണ് പരിശോധന പൂർത്തിയാക്കിയത്.
ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി സുപ്രീംകോടതി നിർദേശപ്രകാരം അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണസമിതി നിലവിലുണ്ട്. ഈ സമിതിയുടെ നിർദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാൻ തീരുമാനിച്ചത്.
ഡിസംബർ 22 മുതൽ ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ ഗവേഷകരായ മനീഷ് ഗുപ്ത, സർവേദി, സെന്തിൽ, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ എന്നിവരടങ്ങുന്ന സംഘം ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുകയായിരുന്നു. 1,200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചായിരുന്നു പരിശോധന.
റോബോട്ടിക് വാഹനം ജലത്തിനടിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങൾ ഗവേഷകർ ബോട്ടിലിരുന്ന് ’കണ്ട്രോൾ കണ്സോൾ’ സ്ക്രീൻ വഴി നിരീക്ഷിച്ചു. ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മർദം, താപനില എന്നിവ കൃത്യമായി രേഖപ്പെടുത്തി. ഒരാഴ്ച നീണ്ടുനിന്ന പരിശോധന ഇന്നലെ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. ഇതിന്റെ വിശദമായ റിപ്പോർട്ട് ഗവേഷകർ ഉടൻതന്നെ മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
പരിശോധനാ സമയത്ത് തമിഴ്നാടിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനിയർ സെൽവം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ രാജഗോപാൽ എന്നിവരും കേരള സർക്കാരിനെ പ്രതിനിധീകരിച്ച് കട്ടപ്പന ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ലെവിൻസ് ബാബു, അസിസ്റ്റന്റ് എൻജിനിയർമാരായ രമേശ്, ബെനഡിക്റ്റ് എന്നിവരും സന്നിഹിതരായിരുന്നു.
