കണ്ണ് കലങ്ങണ്ടാന്നു പറഞ്ഞപ്പോള്‍ സങ്കടം വന്നു ! വീഡിയോ വൈറലായതോടെ വിമര്‍ശനം; മുത്തപ്പന്റെ സന്നിധിയില്‍ പോയതിനെതിരേയുള്ള വിമര്‍ശനം കാര്യമാക്കുന്നില്ലെന്ന് റംലത്ത്…

മുത്തപ്പന്‍ മുസ്ലിം യുവതിയെ അനുഗ്രഹിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ വീഡിയോ വൈറലായതോടെ തനിക്കു നേരെ വിമര്‍ശനശരങ്ങളാണുണ്ടായതെന്ന് റംലത്ത്.

തന്റെ മുന്നിലെത്തിയ മുസ്ലിം യുവതിയെയും മകളെയും ” നീ വേറെയല്ലെന്നും ഇങ്ങ് വാ”യെന്നും സ്നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍ ചെയ്തത്.

കാസര്‍ഗോഡ് വലിയപറമ്പ സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസില്‍ പേറിയാണ് റംലത്ത് മുത്തപ്പന്റെ സന്നിധിയിലെത്തിയത്.

മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയില്‍ കരുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ താന്‍ മാത്രമേ മുസ്ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയില്‍ പറയുന്നുണ്ട്.

മാറി നില്‍ക്കുന്നതിനിടെയാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് തോന്നിയോ എന്നു ചോദിച്ചാണ് റംലത്തിനെ മുത്തപ്പന്‍ ചേര്‍ത്ത് പിടിച്ചത്.

രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരിം.

ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ്. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.

ഈ സങ്കടമെല്ലാം ഉള്ളില്‍ പേറിയാണ് മുത്തപ്പനെ കാണാന്‍ ചെന്നത്. ആദ്യമായാണ് മുത്തപ്പനെ കാണുന്നതെന്നും വീഡിയോ ആക്കിയതൊന്നും താന്‍ അറിഞ്ഞില്ലെന്നുമാണ് റംലത്ത് പറയുന്നത്.

മുത്തപ്പന്‍ അടുത്തേക്ക് വിളിച്ചപ്പോള്‍ ചെന്ന് വിഷമമെല്ലാം പറഞ്ഞു. പല ഭാഗത്ത് നിന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് വിഡിയോ വൈറലായതായി അറിഞ്ഞത്.

”കണ്ണ് കലങ്ങണ്ടാന്നും പേടിക്കണ്ട, മുത്തപ്പനുണ്ടെന്നും പറഞ്ഞപ്പോള്‍ ശരിക്കും സങ്കടം വന്നു. അങ്ങനെയാണ് എല്ലാ വിഷമങ്ങളും മുത്തപ്പനോട് പറഞ്ഞത്”- റംലത്ത് പറഞ്ഞു.

എന്നാല്‍ ചിലര്‍ മുത്തപ്പനെ കാണാന്‍ പോയതിന് റംലത്തിനെ വിമര്‍ശിക്കുന്നുണ്ട്. ”അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല”റംലത്ത് കൂട്ടിച്ചേര്‍ത്തു.

മതസൗഹാര്‍ദ്ദമെന്ന വിധത്തില്‍ വീഡിയോ സൈബര്‍ ഇടത്തില്‍ പ്രചരിക്കുമ്പോഴും യാഥാസ്ഥിതികരായ ചിലരാണ് വിമര്‍ശനവുമായി രംഗത്തുവരുന്നത്.

Related posts

Leave a Comment