തിരുവനന്തപുരം: നവകേരള സര്‍വേ രാഷ്ട്രീയ താത്പര്യത്തിനും തുടര്‍ഭരണത്തിനും വേണ്ടിയുള്ളതാണെന്നതിനു തെളിവായി മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്. സര്‍വേ ശില്പശാലയില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് അദ്ദേഹം വിവരിക്കുന്നത്.
സര്‍വേക്ക് പോകുന്ന വോളന്റിയര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ വിവരിച്ചത്. വികസനത്തിന് തുടര്‍ഭരണം അനിവാര്യമാണ്. സര്‍വേക്ക് പോകുന്ന ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഇക്കാര്യം ഉണ്ടായിരിക്കണം. ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കണം.
വോളന്റിയര്മാരുടേത് വലിയ ദൗത്യമാണ്. ഭരണവിരുദ്ധവികാരമില്ലെന്ന് ബോധ്യപ്പെടണം. ജനങ്ങളില്‍ ചിലര്‍ പ്രകോപിതരാകാം. ശാന്തമായി സംസാരിച്ച് അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. തുടര്‍ഭരണത്തിന്റെ ആവശ്യം ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍വേയ്ക്കായി നിയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍വേയുടെ പ്രസക്തിയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
യോഗത്തില്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ജയകുമാര്‍ ഐഎഎസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പൊതു ഖജനാവില്‍നിന്ന് 20 കോടി ചെലവിട്ടു സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 2025 ഒക്ടോബര്‍ പത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടര്‍നടപടികളും കോടതി റദ്ദാക്കി.
സര്‍വേയ്ക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും റൂള്‍സ് ഓഫ് ബിസിനസിനും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികൾ അനുവദിച്ചായിരുന്നു ഉത്തരവ്.
