നവകേരള നിർമാണത്തിനായി മുഖ്യമന്ത്രി ചെയർമാനായി ഉപദേശക സമിതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും സമിതിയിൽ അംഗങ്ങൾ

തിരുവനന്തപുരം: നവകേരള നിർമാണത്തിനായി സർക്കാർ വിപുലമായ ഒരുക്കങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇതിനൊപ്പം മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിയും രൂപീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഈ സമിതിയിൽ അംഗങ്ങളാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പുനർനിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായും സമയബന്ധിതമായും പൂർത്തിയാക്കുമെന്നും മന്ത്രിസഭയുടെ അംഗീകാരത്തോട മാത്രമായിരിക്കും എല്ലാ പദ്ധതികളും പൂർത്തീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തമുഖത്ത് പ്രകടിപ്പിച്ച ഐക്യം പുനർനിർമാണ പ്രവർത്തനങ്ങശളുടെ ഘട്ടത്തിലും ഉണ്ടാകണമെന്നും യോജിപ്പിന്‍റെ അന്തരീക്ഷം എല്ലാ തലങ്ങളിലും സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പുനർനിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർ‌ത്തനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിപ്പ് കൊണ്ടുവരനാണ് സർക്കാർ ശ്രമിക്കുന്നത്. കെപിഎംജിയുടെ സഹായം പുനർനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട് എങ്ങനെ വേണമെന്ന് ഇനി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരള നിർമാണത്തിനായി വിദേശ മലയാളികളിൽ നിന്ന് ഫണ്ട് ശേഖരണം നടത്തുന്നതിനായി മന്ത്രിമാർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. യാത്രാനുമതി തേടിയുള്ള മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും അപേക്ഷ ഒരുമിച്ചാണ് സമർപ്പിച്ചത്. പക്ഷേ, അനുമതി ലഭിച്ചത് മുഖ്യമന്ത്രിക്കു മാത്രമാണ്. എന്നാൽ, ഇതിനർഥം മന്ത്രമാർക്ക് യാത്രാനുമതി നിഷേധിച്ചു എന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരുടെ വിദേശയാത്ര സംബന്ധിച്ച് പ്രധാനമന്ത്രിയോട് നേരത്തെ തന്നെ സംസാരിച്ചിരുന്നതാണ്. അന്ന് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് എന്തുകൊണ്ടാണ് മന്ത്രിമാർക്ക് അനുമതി വൈകുന്നതെന്ന് വ്യക്തമല്ല- മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിലും കേന്ദ്രത്തിന് ഇപ്പോഴും വൈമനസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts