അന്ന് തിലകന്‍ പറഞ്ഞു, എന്റെ അവസരങ്ങള്‍ തട്ടിയെടുത്തത് നെടുമുടി വേണു, ഇപ്പോള്‍ മറുപടിയുമായി വേണുവും അത്രയേറെ അടുപ്പമുണ്ടായിട്ടും തിലകന്‍ ചേട്ടന്‍ എന്നെപ്പറ്റി അങ്ങനെ പറഞ്ഞപ്പോള്‍ വേദനിച്ചു, വിവാദത്തിന്റെ ഉള്ളറകളിലൂടെ

മലയാള സിനിമയിലെ ഒറ്റയാനെന്ന വിശേഷണമാകും തിലകന് ചേരുക. അഡ്ജസ്റ്റുമെന്റുകളോട് സന്ധി ചെയ്യാത്ത നടന്‍. അത് ജീവിതത്തിലായാലും സ്വന്തം ജോലിയിലായാലും. ഒരുകാലത്ത് തിലകനുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലൊന്നാണ് നെടുമുടി വേണുവുമായുള്ള പ്രശ്‌നം. വേണു തന്റെ റോള്‍ തട്ടിയെടുത്തുവെന്ന് തിലകന്‍ ആരോപിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ വേഷമാണ് വേണു സ്വന്തമാക്കിയതെന്ന് തിലകന്‍ അന്ന് പറഞ്ഞത്.

തിലകന്റെ വാക്കുകള്‍ ഇങ്ങനെ- നെടുമുടിവേണു മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ മറ്റുപലരുമുണ്ട്. ഞാനാരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. നെടുമുടിവേണുവിന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് പറയാനൊരു കാരണമുണ്ട്. 1990 ലാണെന്നാണ് എന്റെ ഓര്‍മ. എന്നെപ്പോലൊരു സീനിയര്‍ ആര്‍ട്ടിസ്റ്റിന് ഹിസ് ഹൈനസ് അബ്ദുള്ളയില്‍ എഴുതിവന്നപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞത് ഞാന്‍ വിശ്വസിക്കണോ. ഒരിക്കലും വിശ്വസിക്കില്ല. ആ റോള്‍ എന്നില്‍ നിന്ന് തട്ടിയെടുത്തതാണ്. എന്നോട് പറഞ്ഞ തമ്പുരാന്‍ നെടുമുടിവേണു എടുത്ത തമ്പുരാന്‍ തന്നെയാണ്.

തിലകന്റെ ഈ ആരോപണങ്ങള്‍ക്ക് അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ നെടുമുടി വേണു നല്കിയ പ്രതികരണം ഇങ്ങനെ- വേദന തോന്നിയത് അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ടല്ല. ഞങ്ങള്‍ ഒന്നിച്ച് ഉറങ്ങുകയും ഉണ്ണുകയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ കേന്ദ്രകഥാപാത്രം ചെയ്തത് തിലകന്‍ ചേട്ടനാണ്. ഗോപി ചേട്ടന് വേണ്ടിയാണ് ആദ്യം ആലോചിചത്. പിന്നീട് അദ്ദേഹത്തിന് വയ്യാതായതോടെ തിലകന്‍ ചേട്ടന്‍ അഭിനയിക്കുകയായിരുന്നു. ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ഒരു സുപ്രഭാതത്തില്‍ ഇരുന്ന് ഇങ്ങനെ പറയുക എന്നുപറഞ്ഞാല്‍ അതെന്റെ ജീവിതത്തെ ഒരുപാട് വേദനിപ്പിച്ചു.

അദ്ദേഹത്തെപ്പറ്റി എന്നോട് പലരും പലകാര്യങ്ങളും പറയുമായിരുന്നു. തിലകന്‍ ചേട്ടനോട് തന്നെ എന്നെക്കുറിച്ചും പല തെറ്റായകാര്യങ്ങളും പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥയില്‍ അദ്ദേഹം പെട്ടന്ന് പ്രതികരിക്കും. അത്ര സാധുവായിരുന്നു തിലകന്‍ ചേട്ടന്‍. അങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞുകൊടുത്ത് തെറ്റിദ്ധാരണ വന്നതാകാം. അങ്ങനെയാണ് ഞാന്‍ സ്വയം സമാധാനിച്ചത്.- നെടുമുടി വേണു പറഞ്ഞു നിര്‍ത്തുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഇന്റര്‍വ്യൂവില്‍ ഹിസ് ഹൈനസ് അബ്ദുള്ളയിലെ വിവാദത്തെപ്പറ്റി നെടുമുടി പറഞ്ഞ വിശദീകരണം ഇങ്ങനെ- ഞാന്‍ ലോഹിതദാസിനോട് ചോദിച്ചു തിലകന്‍ ചേട്ടന്‍ (തന്നെ ഒഴിവാക്കിയെന്ന ആരോപണം) ഇങ്ങനൊരഭിപ്രായം പറയുന്നുണ്ടല്ലോ അദ്ദേഹത്തെ ആദ്യം വിളിച്ച് ഇങ്ങനൊരു റോളു കൊടുത്തില്ല. ആ റോളാണിപ്പോള്‍ എനിക്കു തന്നതെന്ന് പറയുന്നുണ്ടല്ലോ. ലോഹിതദാസ് എന്നോട് പറഞ്ഞു. ചേട്ടാ ഈ ഉദയവര്‍മ്മ തമ്പുരാന്‍ എന്നു പറയുന്നതാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ആ കഥാപാത്രം ചേട്ടനെ തന്നെയാണ് ഞാനുദ്ദേശിച്ചത്. ബാക്കി കുറെ തമ്പുരാക്കന്മാരുണ്ട്. ഇദ്ദേഹത്തിന്റെ അനന്തരവന്മാരായിട്ടുള്ള കഥാപാത്രങ്ങള്‍. എം.എസ്. തൃപ്പൂണിത്തുറയും, നമ്മുടെ കരമന ജനാര്‍ദ്ദനന്‍ നായരും, എം.ജി. സോമനും ഒക്കെ അഭിനയിച്ച കഥാപാത്രങ്ങള്‍. അതിലൊരു തമ്പുരാനെയാണ് തിലകന്‍ ചേട്ടന് ഞാനുദ്ദേശിച്ചത്. പക്ഷേ, തിലകന്‍ ചേട്ടനൊരുപാട് തിരക്കുള്ളതുകൊണ്ടും ഈ കഥാപാത്രം ചെറുതാണെങ്കിലും കൂടുതല്‍ ദിവസം നില്‍ക്കേണ്ടിവരുമെന്നത്കൊണ്ടും തിലകന്‍ ചേട്ടനെ ഒഴിവാക്കിയതെന്നാണ് ലോഹിതദാസ് പറഞ്ഞത്.

Related posts