ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുവയസുകാരനെ കസേരയിൽ കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ മുപ്പത്തഞ്ചുകാരിയായ പ്ലേ സ്കൂൾ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികമായ മാറ്റങ്ങളും ശരീരത്തിലെ പരിക്കുകളും മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുട്ടിയുടെ മുഖത്തും കൈകളിലും പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും ചെവിക്ക് ഗുരുതര പരിക്കുകളും ഉള്ളതായി കണ്ടെത്തി.
കുട്ടിക്ക് സ്കൂളിൽ വച്ചാണ് പരിക്കേറ്റതെന്ന് സംശയിച്ച കുട്ടിയുടെ പിതാവ് സ്കൂൾ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിസിടിവി തകരാറിലാണെന്ന് പറഞ്ഞ് സ്കൂൾ അധികൃതർ ആദ്യം ഒഴിഞ്ഞുമാറി. പിന്നീട് അടുത്ത ദിവസം എത്തിയപ്പോൾ ദൃശ്യങ്ങൾ കാണിക്കുന്നതിനായി 1,500 രൂപ ആവശ്യപ്പെടുകയും മാതാപിതാക്കൾ തുക നൽകിയ ശേഷമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി നൽകുകയും ചെയ്തത്.
തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ ചെവിയിൽ പിടിച്ച് വലിച്ച് കസേരയിൽ മണിക്കൂറുകളോളം കെട്ടിയിടുകയും മർദിക്കുകയും ചെയ്യുന്നത് കണ്ടത്. പരിക്കേറ്റ കുട്ടിയുടെ മേൽത്തന്നെ കുഴപ്പങ്ങൾ കെട്ടിവയ്ക്കാനും സ്കൂൾ ജീവനക്കാർ ശ്രമിച്ചിരുന്നു.
പരിക്കേറ്റ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ച് കേസെടുത്തു. പ്ലേ സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പാൽ, രണ്ട് അധ്യാപകർ എന്നിവരെയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
