മലയാളത്തിലെ തലമുതിര്‍ന്ന സ്വഭാവ നടനുനേരെ ലൈംഗികാരോപണം ! ഇയാളില്‍ നിന്നുണ്ടായ പ്രതികരണം അപമാനകരമെന്ന് ഡബ്ലുസിസി

മലയാള സിനിമയിലെ മുതിര്‍ന്ന നടനെതിരേ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണെന്നും ഡബ്ല്യൂ.സി.സി പറയുന്നു. മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ടതുണ്ടെന്നും ഡബ്ല്യൂ.സി.സി കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.

ഡബ്ല്യൂ.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയില്‍ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിര്‍ന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടന്‍ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്. ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളില്‍ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തില്‍ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്.

ഇതിന്റെ ന്യായാന്യായങ്ങള്‍ എതെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാല്‍ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാന്‍ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കള്‍ എന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നത് നാണക്കേടാണ്.

അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെടുന്നു!

Related posts