സെയില്‍സ് ഗേളില്‍ നിന്ന് കേന്ദ്രമന്ത്രി പദത്തിലേയ്ക്ക് നിശ്ചയദാര്‍ഢ്യത്തോടെ യാത്ര ചെയ്ത ഉരുക്കു വനിത! പ്രതിരോധമന്ത്രിയെന്ന നിലയില്‍ നിര്‍മല സീതാരാമന്‍ വാഴ്ത്തപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്

കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ഇപ്പോള്‍ താരം. പുല്‍വമായില്‍ ആക്രമണമുണ്ടായ സമയത്തും അതിര്‍ത്തിയില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരുന്ന സമയത്തും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായ സമയത്തും പിന്നീട് അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചു വരവിനുമെല്ലാം ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍.

പാക്കിസ്ഥാനുമായുണ്ടായ എല്ലാ അസ്വാരസ്യത്തിലും രാജ്യത്തിന്റെ അഭിമാനം അടയറവ് വയ്ക്കാതെ പിടിച്ചു നില്‍ക്കാനായത് ഇന്ത്യയുടെ നയതന്ത്രത്തിന്റെ വിജയം കൊണ്ടാണ്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായ വ്യത്യാസം ഉള്ളവര്‍ക്കുപോലും നിര്‍മല സീതാരാമന്റെ കഴിവിനെ അംഗീകരിക്കാതെ തരമില്ല.

കേന്ദ്രമന്ത്രിയായും ബിജെപി മന്ത്രിസഭയിലെ നിര്‍ണായക ശക്തിയായുമൊക്കെയാണ് പലര്‍ക്കും നിര്‍മല സീതാരാമനെ അറിയുക. എന്നാല്‍ അതിനും മുമ്പ് പല രൂപത്തിലും ഭാവത്തിലുമുള്ള നിര്‍മല ജീവിച്ചിരുന്നു. അധികമാരാലും ശ്രദ്ധിക്കപ്പെടാതെ. അതുകൊണ്ട് തന്നെ പറയാം, ഒരു സുപ്രഭാതത്തില്‍ അധികാരത്തിന്റെ മടിത്തട്ടില്‍ എത്തിയ സ്ത്രീയല്ല അവര്‍.

സെയില്‍സ് ഗേളായി തുടങ്ങി, ജീവിതത്തില്‍ പല വെല്ലുവിളികളും നേരിട്ട് കേന്ദ്രമന്ത്രി പദത്തിലെത്തിയ സ്ത്രീയാണിത്. ചെന്നൈയിലായിരുന്നു ജീവിതത്തിന്റെ ബഹുഭൂരിഭാഗവും. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന പിതാവിന് സ്ഥിരം മാറ്റം ലഭിച്ചിരുന്നതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം താമസിച്ചാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തിരുന്ന കുടുംബമായിരുന്നു അവരുടേത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ എംഎ ഇക്കണോമിക്‌സ് പഠിക്കുന്ന കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ താത്പര്യം കാണിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വ്യക്തിയുടെ മകന്‍ പ്രഭാകര്‍ പരകാലയെ ഭര്‍ത്താവായി ലഭിച്ചത് മുതല്‍ നിര്‍മല സീതാരാമന്റെ ജീവിതം വീണ്ടും വഴിത്തിരിവിലായി. ലണ്ടനില്‍ പിഎച്ച്ഡി ലഭിച്ച് പ്രഭാകര്‍ പോയപ്പോള്‍ നിര്‍മലയും അദ്ദേഹത്തെ അനുഗമിച്ചു. അവിടെ വച്ചാണ് സെയില്‍ ഗേളായി ജോലി ചെയ്തത്. 1991 ല്‍ അവര്‍ തിരിച്ച് ഇന്ത്യയിലെത്തി. ആദ്യം ഹൈദരാബാദില്‍ ഒരു സ്‌കൂള്‍ തുടങ്ങി. അവിടെ വച്ചാണ് സുഷമ സ്വരാജിനെ പരിചയപ്പെട്ടത്. പിന്നീട് 2003 ല്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമനിലേയ്ക്ക് സെലക്ഷന്‍ കിട്ടി.

2006 ലാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ട്ടിയുടെ ദേശീയ വക്താവായി 2010 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഡല്‍ഹിയിലേക്ക് താമസവും മാറി. ഏല്‍പ്പിക്കപ്പെട്ട ജോലികളിലെല്ലാം തിളങ്ങിയ അവര്‍, 2014 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസഭയിലെ ആറ് വനിതാ മന്ത്രിമാരില്‍ ഒരാളും ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാവുന്ന രണ്ടാമത്തെ വനിതയുമായി. ഇപ്പോഴിതാ ആ പദവിയിലും തന്റെ സര്‍വ കഴിവുകളും അവര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.

അലസമായി വാരിക്കെട്ടിയ മുടിയും, വടിവൊത്ത കോട്ടണ്‍ സാരിയും, തെളിമയുള്ള ഇംഗ്ലീഷും, കുലീന പെരുമാറ്റവും കൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കാനും നിര്‍മല സീതാരാമന് കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി ഏതാണെങ്കിലും ഇതുപോലെ വ്യക്തിപ്രഭാവമുള്ള കഴിവുള്ള നേതാക്കള്‍ ഇനിയും ഉണ്ടാവട്ടെ എന്നാണ് ജനങ്ങള്‍ ഇവരെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തേതു പോലെ എക്കാലവും രാജ്യത്തിന്റെ, ജനങ്ങളുടെ അഭിമാനം വാനോളം ഉയര്‍ത്തിപ്പിടിക്കാന്‍..

Related posts