തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്കിയിരുന്നു.
എന്നാല് ആരോഗ്യകാരണങ്ങളാല് ഹാജരാകാന് സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന് ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്ഡ് പ്രസിഡന്റുമായിരുന്ന എന്.വാസുവിനെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള് റിമാന്ഡിലാണ്. പത്മകുമാര് പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്ഡില് പ്രധാന പദവി വഹിച്ചിരുന്നു.
സ്വര്ണ്ണക്കൊള്ളയില് വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില് വാസുവിനെ അറസ്റ്റ് ചെയ്തത്.ദേവസ്വം ബോര്ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര് എന്നിവരെ അറസ്റ്റ് ചെയ്തതില് നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില് ഉള്പ്പെടെ പത്മകുമാറും വാസുവും തമ്മില് അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു.
സര്ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ആളായിരുന്നു വാസു. പത്മകുമാറിനെ മറികടന്ന് ദേവസ്വം ബോര്ഡില് പല നടപടികളും വാസു കൈക്കൊണ്ടിരുന്നു.ഇതിനെല്ലാം സര്ക്കാരില് നിന്നു വാസുവിന് നല്ല പിന്തുണ ലഭിച്ചിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില് കൂടിയാണ് പത്മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന് നോട്ടീസ് നല്കിയിരിക്കുന്നത്.
സാവകാശം തേടി എ. പത്മകുമാര്
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളകേസില് ചോദ്യം ചെയ്യലിന് ഹാജരാകാന് സാവകാശം തേടി എ. പത്മകുമാര്. അടുത്ത ബന്ധുവിന്റെ മരണാന്തര ചടങ്ങുകള് കാരണം ഉടന് ചോദ്യം ചെയ്യലിന് ഹാജരാകാന് സാധിക്കില്ലെന്നും സാവകാശം വേണമെന്നുമാണ് പത്മകുമാര് അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
അതേ സമയം ശബരിമല സ്വര്ണക്കൊള്ള കേസില് അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള് കൂടി ഉള്പ്പെടുത്തി. ദേവസ്വം ബോര്ഡ് അംഗങ്ങളും ജീവനക്കാരും അഴിമതി നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്.

