ഇത് പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റ് ! പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള കുമ്പളത്ത്…

പത്തനംതിട്ട:പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന ആരോപണവുമായി ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യങ്ങളില്‍ എത്തി പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. പ്രവാസി വ്യവസായ സംരംഭകര്‍ക്കും മടങ്ങി എത്തുന്നവര്‍ക്കും പ്രത്യേക പാക്കേജുകള്‍ നല്‍കുമെന്നതായിരുന്നു പ്രധാന പ്രചരണം. ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി.

പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്‌നത്തെ ഇപ്പോഴും തിരിച്ചറിയാത്തത് അവഗണിക്കുന്നതിന് തുല്യമാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല. യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കുന്ന വിഷയമാണ്.

ഇതിന് ആവശ്യമായ നടപടികളും ബജറ്റിലില്ല. ഇന്ത്യയുടെ മൂലധന നിക്ഷേപത്തില്‍ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളുടെ പണം മാത്രംമതി എന്ന നിലപാട് അവസാനിപ്പിക്കണം. പ്രവാസികളുടെ കുടുംബത്തിനായുള്ള ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസജീവിതം കഴിഞ്ഞ് തിരികെ എത്തുന്നവര്‍ക്കുള്ള തൊഴില്‍സാധ്യതകള്‍ എന്നിവയ്ക്കും ബജറ്റില്‍ ഇടം കണ്ടില്ല. പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും ശങ്കരപിള്ള കുമ്പളത്ത് പറഞ്ഞു.

Related posts