അടൂർ: സ്കൂൾ വിദ്യാർഥിനിയോട് നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട മതിലകം മരവൂർ ഹരി ഭവനത്തിൽ അനീഷ് ദാസ്(38)-നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 18, ഫെബ്രുവരി രണ്ട് തീയതികളിലാണ് പെൺകുട്ടിയോട് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്.
ആദ്യ ദിവസം പെൺകുട്ടി സ്കൂളിൽ നിന്നും ട്യൂഷൻ സ്ഥലത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തിയ അനീഷ് ദാസ് നഗ്നതാപ്രദർശനം നടത്തി. അന്ന് പെൺകുട്ടി സ്ഥലത്തു നിന്നു ഓടി രക്ഷപ്പെട്ടു. തുടർന്ന് ഫെബ്രുവരി രണ്ടിന് പെൺകുട്ടി സ്കൂളിൽ നിന്നു വീട്ടിലേക്ക് പോകുമ്പോൾ സ്കൂട്ടറിൽ എത്തിയ യുവാവ് വീണ്ടും നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
കൂടാതെ പെൺകുട്ടിയുടെ കൈയിൽ കയറി പിടിച്ച ശേഷം സ്കൂട്ടറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പെൺകുട്ടി അനീഷിന്റെ കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. അടൂർ പോലീസ് പത്തനംതിട്ട,കൊല്ലം ജില്ലകളിലെ ഒട്ടേറെ കാമറകൾ നിരീക്ഷിച്ച ശേഷമാണ് അനീഷ് ഉപയോഗിച്ച സ്കൂട്ടർ പോലീസ് കണ്ടെത്തുന്നത്.
ചൊവ്വാഴ്ച അനീഷ് ദാസിനെ കിഴക്കേ കല്ലടയിലെ വീട്ടിൽ നിന്നും എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐ അനീഷ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
