വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധവുമുയരുന്നു. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ആണു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, 2020ലെ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന പഴയ ആരോപണങ്ങൾ ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങന്മാരുടെ ശരീരത്തിൽ എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നത്. “ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണു ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
പ്രതിഷേധവുമായി ഡെമോക്രാറ്റുകൾ
ട്രംപിന്റെ നടപടി അങ്ങേയറ്റം അറപ്പുളവാക്കുന്നതാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു.എല്ലാ റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്റെ പ്രവൃത്തിയെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ട്രംപിന്റെ അനുയായികൾ വംശീയവാദികളാണെന്നും അമേരിക്കൻ ചരിത്രത്തിലെ ഒരു കറുത്ത പാടായി ട്രംപ് അവശേഷിക്കുമെന്നും ബരാക് ഒബാമയുടെ മുൻ ഉപദേഷ്ടാവ് ബെൻ റോഡ്സ് വിമർശിച്ചു.
പ്രതികരണവുമായി വൈറ്റ് ഹൗസ്
ആരോപണങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഇതൊരു ഇന്റർനെറ്റ് മീം മാത്രമാണെന്നും ട്രംപിനെ വനരാജാവായും ഡെമോക്രാറ്റുകളെ “ലയൺ കിംഗ്’ സിനിമയിലെ കഥാപാത്രങ്ങളായുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. മുൻപും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒബാമ ജയിലിൽ കിടക്കുന്ന ദൃശ്യങ്ങൾ ട്രംപ് പങ്കുവച്ചിരുന്നു.
