മെഡിക്കൽ രംഗത്തെ പുത്തൻ ചുവട് വയ്പ്പ്..! ഗർഭപാത്രമില്ലാതെ ജനിച്ച കുട്ടിയ്ക്ക് അമ്മയുടെ ഗർഭപാത്രം തുന്നിച്ചേർത്തു; ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

operationപൂനെ: ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പൂനെയിലെ ഗ്യാലക്സി കെയർ ലാപ്രോസ്കോപി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഒൻപത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗർഭപാത്രമില്ലാതെ ജനിച്ച സോലാപുരിൽ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗർഭപാത്രം നൽകിയത്.

ചികിത്സകൾ പൂർത്തിയായാൽ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങൾക്ക് ജൻമം നൽകാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായത് മെഡിക്കൽ രംഗത്തെ പുതിയ ചുവടുവയ്പ്പാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു.

വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. പെണ്‍കുട്ടി ആരോഗ്യവതിയായി തുടരുന്നുവെന്നും എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. 11 അംഗ ഡോക്ടർമാരുടെ സംഘമാണ് ഒൻപത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

ശസ്ത്രക്രിയയുടെ 80 ശതമാനവും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് പൂർത്തിയാക്കിയത്. പിന്നീട് അമ്മയുടെ ഗർഭപാത്രം എടുത്തശേഷമാണ് ഓപ്പണ്‍ സർജറിയിലൂടെ പെണ്‍കുട്ടിയുടെ ശരീരത്ത് തുന്നിച്ചേർത്തത്.

Related posts