റോഡില്‍ ചുമ്മാ ഹോണടിച്ചു കളിച്ചാല്‍ ഇനി പണിപാളും ! ഇന്നു മുതല്‍ ആരംഭിക്കുന്ന ഓപ്പറേഷന്‍ ഡെസിബലില്‍ കുടുങ്ങിയാല്‍ എട്ടിന്റെ പണി…

റോഡില്‍ വെറുതെ ഹോണടിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത് ചിലരുടെ രീതിയാണ്. പാശ്ചാത്യനാടുകളില്‍ കാണാനില്ലാത്ത ഈ സവിശേഷത ഇന്ത്യയില്‍ വ്യാപകമാണ്.

എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് പിടിവീഴും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ റോഡിലിറങ്ങും.

വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിനായി പുതിയ ഹോണ്‍ പിടിക്കുന്നവര്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്.

തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ഡെസിബെല്‍ തുടങ്ങുന്നത്.

മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിംഗിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന.

നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.

പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മുമ്പിലുള്ള വാഹനക്കാരെ ഞെട്ടിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുന്നവരും കുറവല്ല.

പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത ഹോണടി കേട്ട് പലരും അപകടത്തില്‍പ്പെടുന്നതും പതിവാണ്. തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദം മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും.

ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും 82 ഡെസിബെല്‍.

4,000 കിലോക്കു താഴെയുള്ള ഡീസല്‍, പാസഞ്ചര്‍ അല്ലെങ്കില്‍ ലഘുവ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍.

4.000-12,000 കിലോക്ക് ഇടയില്‍ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ എന്നിങ്ങനെയാണു പരിധി.

എന്നാല്‍ നിരവധി വാഹനങ്ങളാണ് നിലവില്‍ പരിധികള്‍ ലംഘിച്ച് ഹോണടിച്ച് റോഡിലൂടെ പായുന്നത്. ഇത്തരക്കാര്‍ക്ക് പിടിവീഴുമെന്ന് തീര്‍ച്ച.

Related posts

Leave a Comment