ദ്രാവിഡ് ഇരുന്ന കസേരയില്‍ കയറിയിരുന്ന്, താങ്കളോട് എനിക്ക് പ്രണയമാണെന്ന് അവതാരക! ദ്രാവിഡിന്റെ ആ സമയത്തെ പ്രതികരണമാണ് പാണ്ഡ്യയെയും രാഹുലിനെയും പോലുള്ളവര്‍ മാതൃകയാക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ കെ. എല്‍. രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചെറുതല്ലാത്ത വിമര്‍ശനങ്ങളും പ്രത്യാഘാതങ്ങളുമാണ് നേരിടേണ്ടി വന്നത്. ഈയവസരത്തില്‍, ഇത്തരം വിഷയങ്ങളില്‍ യുവതാരങ്ങള്‍ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വത്തെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ഇന്ത്യയുടെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡാണ് ആ വ്യക്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്തി എംടിവി സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയുടെ വീഡിയോയാണത്. എംടിവി ബക്‌റ എന്ന പരിപാടിയുടെ വീഡിയോ ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വൈറലായത്.

താരങ്ങളെ രസകരമായ രീതിയില്‍ പറ്റിക്കുന്ന പരിപാടിയില്‍ ദ്രാവിഡിനെ, പ്രസ്തുത പരിപാടിയുടെ അവതാരക പറ്റിക്കുന്നതായിരുന്നു രംഗം. എന്നാല്‍ മാന്യത ലവലേശം കൈവിടാതെയുള്ള ദ്രാവിഡിന്റെ പെരുമാറ്റം അത്യാകര്‍ഷകമായി. ഏത് കാലഘട്ടത്തിലുള്ള യുവജനങ്ങള്‍ക്കും മാതൃകയാക്കാന്‍ സാധിക്കുന്ന പെരുമാറ്റം എന്നാണ് പലരും ഇതേക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

രാഹുല്‍ ദ്രാവിഡിന്റെ പഴയ അഭിമുഖം കാണിച്ചാണ് കെ.എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കും സോഷ്യല്‍ മീഡിയ ഉപദേശം നല്‍കുന്നത്. ഒരു എപ്പിസോഡില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഈ പരിപാടിയുടെ ഇര. ബോളിവുഡ് നടി സയാലി ഭഗത് അവതാരകയുടെ വേഷത്തിലെത്തി ദ്രാവിഡിനെ കബളപ്പിക്കുകയായിരുന്നു.

സിംഗപ്പൂരില്‍ നിന്ന് വന്ന മാധ്യമപ്രവര്‍ത്തകായണെന്നും 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ച് സയാലി ദ്രാവിഡിനെ സമീപിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ദ്രാവിഡ് അഭിമുഖത്തിന് അനുവാദം കൊടുക്കും. അഭിമുഖം കഴിഞ്ഞ ശേഷം സയാലി തനിക്ക് ദ്രാവിഡിനോടുള്ള പ്രണയം തുറന്നുപറയും. ദ്രാവിഡ് ഇരിക്കുന്ന സോഫയിലേക്ക് കയറി ഇരുന്നാണ് സയാലി തന്നെ വിവാഹം ചെയ്യാന്‍ ദ്രാവിഡിനോട് അഭ്യര്‍ത്ഥിക്കുന്നത്.

ഇതോടെ സീന്‍ മാറും. ദ്രാവിഡ് ആ റൂമില്‍ നിന്ന് എഴുന്നേറ്റോടാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ പിന്നീടുള്ളത്. എന്നാല്‍ സയാലിയുടെ അച്ഛനാണെന്ന് അവകാശപ്പെട്ട് പുതിയ കഥാപാത്രമെത്തുന്നതോടെ ഇന്ത്യന്‍ താരം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. തന്റെ മകളെ വിവാഹം കഴിക്കൂ എന്ന് അച്ഛനും ദ്രാവിഡിനോട് ആവശ്യപ്പെടും.

എന്നിട്ടും ദ്രാവിഡ് ദേഷ്യപ്പെടാതെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. സയാലിക്ക് 20 വയസ്സാണെന്ന് ചോദിച്ചുമനസ്സിലാക്കിയ ദ്രാവിഡ് അച്ഛനെ ഉപദേശിക്കാനും മറക്കുന്നില്ല.

ഇപ്പോള്‍ കുട്ടികള്‍ പഠിക്കേണ്ട പ്രായമാണെന്നും മകളോട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറയൂ എന്നുമാണ് ദ്രാവിഡ് അച്ഛനോട് പറയുന്നത്. ‘എം.ടി.വി ബക്റ’ എന്ന പരിപാടി ആണെന്നറിയുന്നതോടെ ദ്രാവിഡ് ചിരിക്കുന്നതും ചമ്മല്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

Related posts