പപ്പടക്കാരി അമ്മൂമ്മയുടെ താമസസ്ഥലം ഒടുവില്‍ കണ്ടെത്തി ! എണ്‍പത്തിയേഴു വയസുള്ള വസുമതി അമ്മൂമ്മയുടെ ജീവിതം ഏവരുടെയും കരളലിയിക്കുന്നത്…

തിരുവനന്തപുരം: 25 പപ്പടം 20 രൂപ എന്നു പൊരിവെയിലിരുന്ന് തൊണ്ട പൊട്ടി വിളിച്ചിട്ടും ആരാലും ശ്രദ്ധിക്കാതെ പോയ അമ്മൂമ്മയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു. കാഴ്ചക്കാരില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച അമ്മൂമ്മയുടെ കച്ചവട വിഡിയോ പെട്ടെന്നുതന്നെ വൈറലായി. വാര്‍ധക്യത്തിലും അധ്വാനിച്ചു ജീവിക്കാനുള്ള അമ്മൂമ്മയുടെ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയത്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്താണ് നാട്ടുകാര്‍ ‘പപ്പട അമ്മൂമ്മ’ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന വസുമതി അമ്മയുടെ വീട്. എണ്‍പത്തിയേഴ് വയസ്സുള്ള വസുമതിയമ്മ കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തും പപ്പടം വില്‍ക്കുന്നു. വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ന് ഈ അമ്മൂമ്മ ജിവിതം തള്ളിനീക്കുന്നത്. തനിക്ക് 45 വയസുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചുവെന്നും എട്ടു മക്കളെ പോറ്റിവളര്‍ത്താനായാണ് പപ്പട കച്ചവടം തുടങ്ങുന്നതെന്നും അമ്മൂമ്മ പറയുന്നു. അന്ന് ഉഴുന്ന് വാങ്ങി മാവാക്കുന്നതും പരത്തി ഉണക്കി പപ്പടങ്ങള്‍ ഉണ്ടാക്കുന്നതും അമ്മൂമ്മ തന്നെ.

മായം ചേര്‍ക്കാത്തതിനാലാണ് കഴിഞ്ഞ 40 വര്‍ഷങ്ങളായി എനിക്ക് ഈ തൊഴില്‍ തുടരാന്‍ കഴിഞ്ഞത്” വസുമതി അമ്മൂമ്മ തന്റെ ദീര്‍ഘകാല കച്ചവടത്തിനു പിന്നിലെ രഹസ്യം പരസ്യമാക്കി. പപ്പടം വിറ്റാണ് മക്കളെ പോറ്റിയത്. രണ്ടു മക്കള്‍ മരിച്ചു. ഏറെ ദുഃഖം നിറഞ്ഞ ആ സന്ദര്‍ഭത്തിലും മറ്റു മക്കള്‍ക്കായി വസുമതിയമ്മ തന്റെ തൊഴില്‍ തുടര്‍ന്നു. അവശേഷിക്കുന്ന ആറ് മക്കളുടെയും വിവാഹം നടത്തി. അഞ്ചു പെണ്ണും ഒരാണും ആണുള്ളത്. ഇതില്‍ ഭര്‍ത്താവ് മരിച്ചു പോയ ഒരു മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് വസുമതിയമ്മയുടെ താമസം.

”കൊച്ചുമക്കളെ സ്‌കൂളില്‍ പറഞ്ഞുവിട്ട് പപ്പടവുമായി ഞാന്‍ നേരെ ചന്തയില്‍ എത്തും. പത്തര മണി മുതല്‍ വൈകിട്ട് ആറര മണി വരെ ചന്തയില്‍ തന്നെ ഉണ്ടാകും. ചില ദിവസങ്ങളില്‍ നല്ല വില്പനയുണ്ടാകും. എന്നാല്‍ ചില ദിവസങ്ങളില്‍ ഒന്നും വിറ്റു പോകില്ല. അതുകൊണ്ടൊന്നും ഞാന്‍ തളരില്ല. അടുത്ത ദിവസം നല്ലപോലെ കച്ചവടം തരണമെന്നു മഹാദേവനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങും, അത്രതന്നെ.” വസുമതിയമ്മ പറയുന്നു.

അത്യാവശ്യം ഭേദപ്പെട്ട നിലയില്‍ കച്ചവടം മുന്നോട്ടു പോകുന്നതിനിടയിലാണ് അമ്മൂമ്മയെ ഹൃദ്രോഗം കീഴടക്കുന്നത്. അതോടെ പപ്പടം പരത്തല്‍ കഠിനമായി മാറി. പക്ഷേ, തന്റെ തൊഴില്‍ ഉപേക്ഷിക്കാന്‍ കക്ഷി തയാറായില്ല. കലര്‍പ്പില്ലാതെ പപ്പടം നിര്‍മ്മിക്കുന്നവരെ കണ്ടെത്തി അവരില്‍ നിന്നും പപ്പടം വാങ്ങി ചില്ലറ വില്പന തുടങ്ങി. പഴയ പത്താം ക്ലാസുകാരിയായ വസുമതി അമ്മൂമ്മയ്ക്ക് അത്യാവശ്യം കച്ചവട തന്ത്രങ്ങളും അറിയാം.

ബ്രാന്‍ഡഡ് പപ്പടങ്ങള്‍ക്കു പിന്നാലെ ആളുകള്‍ പായുമ്പോള്‍ പരമ്പരാഗതമായി പപ്പടം നിര്‍മിക്കുന്നവര്‍ക്ക് കച്ചവടം കുറവാണെന്ന് അമ്മൂമ്മ പറയുന്നു. വീട്ടുവാടക, കൊച്ചുമകളുടെ പഠനം, ട്യൂഷന്‍ ഫീസ്, വീട്ടുചെലവ് അങ്ങനെ അമ്മൂമ്മയുടെ ചുമലില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. ”പ്രായം 90 കഴിഞ്ഞാലും ഞാന്‍ പപ്പട വില്‍പനയുമായി മുന്നോട്ടുപോകും, അതിനുള്ള ആരോഗ്യം മഹാദേവന്‍ തന്നാല്‍ മാത്രം മതി” വസുമതി അമ്മ നയം വ്യക്തമാക്കി. മത്സരം വര്‍ധിച്ചു വരുന്ന വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിനായി തന്റെ പപ്പടവും ഒരു ബ്രാന്‍ഡ് നെയിമില്‍ ഇറക്കണമെന്നാണ് അമ്മൂമ്മയുടെ അഗ്രഹം. ആരില്‍ നിന്നും സഹായങ്ങള്‍ ആഗ്രഹിക്കാത്ത അമ്മൂമ്മ ഒരു കാര്യമേ ആളുകളോട് ആവശ്യപ്പെടാറുള്ളൂ ‘ഇഷ്ടപ്പെട്ടാല്‍ എന്റെ പപ്പടം സ്ഥിരമായി വാങ്ങണം’. അമ്മൂമ്മയുടെ ജീവിതം ലോകം അറിഞ്ഞതോടെ അമ്മൂമ്മയുടെ ബിസിനസിനും അതു സഹായകമാവുമെന്ന് പ്രതീക്ഷിക്കാം.

Related posts