മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പെന്ഷന് വിഷയം ആളിക്കത്തിക്കാന്‍ സിപിഎം. പെൻഷൻ കൈക്കൂലിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശം മണ്ഡലത്തിൽ കൂടുതൽ സജീവ ചർച്ചയാക്കുന്നതിന്റെ ഭാഗമായി സിപിഎം ഇന്ന് പെൻഷൻ ഗുണഭോക്താക്കളുടെ കൺവൻഷൻ സംഘടിപ്പിക്കും. വൈകിട്ടാണ് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പങ്കെടുക്കുന്ന പരിപാടി.
മണ്ഡലത്തിലെ നാൽപ്പതിനായിരത്തിലേറെ പെൻഷൻ ഗുണഭോക്താക്കളുടെയും കുടുംബങ്ങളുടെയും വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം നീക്കം. ഞായറാഴ്ച മുതൽ എൽഡിഎഫ് കുടുംബയോഗങ്ങൾ ആരംഭിക്കും. പരമാവധി മന്ത്രിമാരെയും എംഎൽഎമാരെയും പങ്കെടുപ്പിച്ചുള്ള കൺവൻഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ആളിക്കത്തിക്കുകയാണ് മണ്ഡലത്തിൽ യുഡിഎഫ്. എല്ലാ തെരഞ്ഞെടുപ്പ് വേദികളിലും വിഷയം ഉന്നയിക്കാനാണ് നേതാക്കൾക്കുള്ള നിർദ്ദേശം. പെരുന്നാൾ തലേന്ന് ആയതിനാൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് ഇന്നു പൊതുപര്യടനമില്ല. എന്നാൽ പ്രധാന വ്യക്തികളെ നേരിൽ കാണും.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് ഇന്ന് ചുങ്കത്തറ പഞ്ചായത്തിലെ പൗരപ്രമുഖരെ കണ്ട് വോട്ട് തേടും. സ്ഥാനാർഥി പ്രഖ്യാപനം നടന്ന ഒരാഴ്ചയാകുമ്പോഴും വിപുലമായ പ്രചാരണത്തിലേക്ക് കടക്കാതെ പ്രധാന വ്യക്തികളെ കണ്ടു മാത്രം വോട്ട് അഭ്യർഥിക്കുന്ന രീതിയാണ് ബിജെപി സ്ഥാനാർഥി അവലംബിക്കുന്നത്. പെരുന്നാളിനു ശേഷം പ്രചരണത്തിലേക്കു കടക്കാനാണ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന്റെ തീരുമാനം.