വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റ മുജ്തബ ഖമനയ് ജീവിച്ചിരിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ഭരണനിർവഹണത്തിൽ സജീവമായി ഇടപെടാൻ തുടങ്ങിയെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുന്നിലാണ് റൂബിയോയുടെ നിർണായക വെളിപ്പെടുത്തൽ.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുജ്തബയ്ക്കു ഗുരുതര പരിക്കേറ്റിരുന്നു. മുജ്തബയുടെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയ് ഈ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തുടർന്ന്, മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ മുജ്തബ നിലവിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് കൃത്യമായ സൂചനകളുണ്ടെന്നും റൂബിയോ വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. ഏപ്രിൽ എട്ടിന് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച താത്കാലിക വെടിനിർത്തൽ കരാർ കടുത്ത സമ്മർദത്തിലായിരിക്കുന്ന പശ്ചാത്തലത്തിലാണ് റൂബിയോയുടെ പ്രസ്താവന. ഇറാനുമായി പുതിയ കരാറിലെത്താൻ അമേരിക്കയ്ക്കു താത്പര്യമുണ്ടെന്നും എന്നാൽ അതിനായി ടെഹ്റാൻ തങ്ങളുടെ ആണവ പദ്ധതികൾക്കു കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആവർത്തിക്കുന്നത്. അന്താരാഷ്ട്ര എണ്ണ-വാതക ഗതാഗതത്തെ ബാധിക്കുന്ന രീതിയിൽ ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുനൽകണമെന്നും കപ്പലുകൾക്കുനേരേ ആക്രമണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും റൂബിയോ ആവശ്യപ്പെട്ടു.
കടലിടുക്ക് സുരക്ഷിതമാണെന്ന് ഇറാൻ പ്രഖ്യാപിച്ചാൽ, മേഖലയിൽ അവർ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ അമേരിക്ക സഹായിക്കും. യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ ഇറാൻ പരിമിതപ്പെടുത്തുകയോ അല്ലെങ്കിൽ പൂർണമായി നിർത്തിവയ്ക്കുകയോ ചെയ്യണം.
ഉയർന്ന തോതിൽ യുറേനിയം സമ്പുഷ്ടീകരിച്ചതാണ് ഇറാനുമേൽ ഉപരോധം ഏർപ്പെടുത്താൻ കാരണമെന്നും ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ തയാറായാൽ ഉപരോധങ്ങളിൽ ഇളവു നൽകാൻ യുഎസ് തയാറാണെന്നും റൂബിയോ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
