കാസർഗോഡ്: 16 വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് യുവതിക്കെതിരേ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരേ (25) യാണ് മേൽപറമ്പ് പോലീസ് കേസെടുത്തത്. സ്കൂളിൽ കൗൺസലിംഗിനിടയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം തുറന്നുപറഞ്ഞത്.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തെന്ന നിലയിലാണ് സ്നേഹ കാസർഗോഡ് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലെത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതകളുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം സ്കൂളിൽ കൗൺസലിംഗ് നടത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി പോലീസിനു കൈമാറിയതോടെയാണ് സ്നേഹയ്ക്കെതിരേ കേസെടുത്തത്.
തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളിൽ സ്നേഹ പ്രതിയാണ്. 2025 മാർച്ചിൽ 12 വയസുള്ള പെൺകുട്ടിയെയും സഹോദരനായ പതിനാലുകാരനെയും പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലായിരുന്നത്.
ഏതാനും വർഷം മുമ്പ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗൺസിലറും ഇപ്പോൾ സിപിഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.സ്നേഹയും മറ്റൊരു സ്ത്രീയും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിൽ മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു അന്ന് കൗൺസിലറായിരുന്ന മുരളീധരനെ ആക്രമിച്ചത്.
