പ്ലാസ്റ്റിക് ഫാക്ടറി കത്തിയതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം ! പ്രദേശത്ത് ഓക്‌സിജന്‍ കുറയും; വമിക്കുന്ന വിഷപ്പുക ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്…

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി കത്തിയതില്‍ ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവു കുറയ്ക്കും.

കൊച്ചുകുട്ടികള്‍, അലര്‍ജി, ആസ്ത്മ, ശ്വാസകോശരോഗമുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കണം. ഇവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും മാറിനില്‍ക്കുന്നതാണ് നല്ലത്. വളരെ ഉയര്‍ന്ന അളവിലുള്ള വിഷപ്പുകയാണ് അന്തരീക്ഷത്തില്‍ കലര്‍ന്നിരിക്കുന്നത്. ഇതു ശ്വസിച്ചാല്‍ സാരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷ് കുമാര്‍ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി അടുത്തുള്ള താമസക്കാര്‍ മാറിപ്പോകണമെന്ന് ജില്ലാഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് രാത്രിയോടെ കളക്ടറുടെ നിര്‍ദേശപ്രകാരം ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നല്‍കി. ഒരാഴ്ചത്തേക്ക് പ്ലാസ്റ്റിക് കത്തിയമര്‍ന്നതിന്റെ മലിനീകരണം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

Related posts