വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ അമേരിക്കൻ സൈനിക അധിനിവേശത്തെ വിമർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധത്തിനായുള്ള അമിതാവേശം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. “രണ്ടാം ലോക യുദ്ധത്തിനു ശേഷം, മറ്റു രാജ്യങ്ങളുടെ അതിർത്തി ലംഘിക്കാൻ രാഷ്ട്രങ്ങൾ ബലപ്രയോഗം നടത്തുന്നതിനെ വിലക്കിയിരുന്നു. ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെട്ടു. ഇതിനു പകരം സ്വന്തം ആധിപത്യം ഉറപ്പിക്കാൻ ആയുധങ്ങളിലൂടെ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.
ഇത് സമാധാനപരമായ സാമൂഹിക സഹവർത്തിത്വത്തിന്റെ അടിത്തറയായ നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കും” മാർപാപ്പ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പൊതുനന്മയെ കരുതി വെനസ്വേലയിൽ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് മാർപാപ്പ ആഹ്വാനം ചെയ്തു. യുക്രെയ്നിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗാസയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്ത മാർപാപ്പ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം സംബന്ധിച്ച് ഊന്നിപ്പറയുകയും ചെയ്തു.
