കൊച്ചി: ഗര്‍ഭിണിയായ യുവതിക്ക് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി എസ്എച്ച്ഒ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ അടക്കം കൈയേറ്റം ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടി വന്നുവെന്നും ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പറഞ്ഞു.
ഗർഭിണിയായ യുവതിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഓയ്ക്കെതിരെ നടപടി. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇയാൾ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ബുധനാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നടപടിയെടുത്തത്.
പ്രതാപചന്ദ്രൻ മര്‍ദിച്ചെന്ന പരാതിയുയമായി ഒരു സ്വിഗി ജീവനക്കാരനും നേരത്തെ രംഗത്തുവന്നിരുന്നു.
