സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മധുരയിൽ സിആർപിഎഫ് വിന്യാസം
മധുര: തിരുപ്പറങ്കുൻട്രം മലമുകളിലെ ‘ദീപത്തൂണിൽ’ കാർത്തിക ദീപം തെളിയിക്കാൻ ടിവികെ സർക്കാരിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ സിആർപിഎഫ് സേനാംഗങ്ങൾ രാത്രിയോടെ മധുരയിലെത്തി. മുൻ ഉത്തരവ് “മനഃപൂർവ്വം ലംഘിച്ചതിന്” തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയ സുപ്രീംകോടതി വെള്ളിയാഴ്ച കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
സുപ്രീംകോടതിയുടെ കർശന ഉത്തരവിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തു. കോടതി ഉത്തരവിന്മേലുള്ള സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു യോഗം.
വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ടെങ്കിലും സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. ഉന്നതതല യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഉദ്യോഗസ്ഥരും വിസമ്മതിച്ചു.
സുപ്രീംകോടതി വിധിയെ ബിജെപിയും വിവിധ ഹിന്ദു സംഘടനകളും സ്വാഗതം ചെയ്തു. വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഹിന്ദു മുന്നണി പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. കോടതി അനുമതി നൽകിയ സാഹചര്യത്തിൽ ഭക്തരും വിവിധ സംഘടനാ പ്രവർത്തകരും ഇന്ന് മലമുകളിൽ ദീപം തെളിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് തർക്കത്തിന്റെ പശ്ചാത്തലം ?
തമിഴ്നാട്ടിലെ മധുര ജില്ലയിലുള്ള പ്രശസ്തമായ തീർഥാടന കേന്ദ്രമാണ് തിരുപ്പറങ്കുൻട്രം. മുരുകന്റെ ആറ് പ്രധാന ക്ഷേത്രങ്ങളിൽ (ആറുപടൈ വീട്) ആദ്യത്തേതായ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കുന്നിൻമുകളിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ടാണ് വലിയ നിയമപോരാട്ടങ്ങളും വിവാദങ്ങളും ഉടലെടുത്തത്.
തിരുപ്പറങ്കുൻട്രം മലയുടെ മുകളിലുള്ള പുരാതനമായ കൽത്തൂണിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള താഴ്ഭാഗത്തെ ദീപ മണ്ഡപത്തിലാണ് വര്‍ഷങ്ങളായി ആചാരം നടക്കുന്നതെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മലയുടെ മുകളിലുള്ള ദീപത്തൂണില്‍ ദീപം തെളിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഹിന്ദു സംഘടനകളും വിശ്വാസികളും കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ദീപത്തൂണിന് സമീപത്തായി സിക്കന്ദർ ബാദുഷ ദർഗ സ്ഥിതി ചെയ്യുന്നുണ്ട്. ദീപത്തൂണിൽ വിളക്ക് തെളിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും ഇടയാക്കുമെന്നും ആചാരപരമായ മാറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാരും ക്ഷേത്ര ഭരണസമിതിയും ഇതിനെ എതിർത്തത്.
നിയമപോരാട്ടവും കോടതി വിധിയും
ദീപത്തൂൺ സ്ഥിതി ചെയ്യുന്ന ഭാഗം ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് നിരീക്ഷിച്ച മദ്രാസ് ഹൈക്കോടതി (മധുര ബെഞ്ച്), അവിടെ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ദീപം തെളിക്കുന്നത് തടയുകയും ചെയ്തു. ഇതോടെയാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.
ഒറ്റത്തവണത്തേക്ക് എന്ന നിലയിൽ നവംബർ 24ന് ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നവംബർ 20ന് ഇത്തരവിറക്കിയിരുന്നു. എന്നാൽ, ക്ഷേത്ര ട്രസ്റ്റി ബോർഡ് ആചാരപരമായ കാരണങ്ങൾ പറഞ്ഞ് അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിച്ചില്ല. പകരം പതിവുപോലെ ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിച്ചത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
നവംബർ 27ന് സുപ്രീം കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചതിൽ തമിഴ്നാട് സർക്കാരിനെയും ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമർശിച്ചു. തുടർന്ന് നവംബർ 28ന് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിൽ തെളിക്കുന്ന ദീപത്തിൽ നിന്നുള്ള ജ്വാല ഉപയോഗിച്ച് കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്നും ദർഗയിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയായി എല്ലാ ഭക്തർക്കും ദീപം തെളിക്കാൻ സൗകര്യം നൽകണമെന്നും ഉത്തരവിറക്കുകയായിരുന്നു.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്ത കോടതി, ക്ഷേത്രത്തിന്റെ ഭരണച്ചുമതല മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർത്ഥിപൻ എന്നിവരെ ഏൽപ്പിച്ചിരിക്കുകയാണ്. കൂടാതെ തമിഴ്നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുര ജില്ലാ കളക്ടർ, എസ്പി, ക്ഷേത്ര ട്രസ്റ്റിമാർ തുടങ്ങി 13 പേർക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണോ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പരിശോധിക്കാൻ ഇവരുടെ ഫോൺ രേഖകളും ഔദ്യോഗിക സന്ദേശങ്ങളും ഹാജരാക്കാനും ഡിസംബർ 15ന് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വെട്രിവേൽ മുരുകനുക്ക് ഹരോഹരാ; മുരുക സ്തുതികളുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: മധുരൈ തിരുപ്പറങ്കുൻട്രത്തെ തർക്കഭൂമിയിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ മുരുക സ്തുതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ ‘വെട്രിവേൽ മുരുകനുക്ക് ഹരോഹരാ’ എന്ന തമിഴ് ഭക്തിമന്ത്രം മൂന്ന് തവണ ആവർത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
തമിഴ് വരികൾക്കൊപ്പം ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും മോദി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി വിധിയെക്കുറിച്ചോ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളെക്കുറിച്ചോ കുറിപ്പിൽ നേരിട്ടുള്ള പരാമർശങ്ങളൊന്നുമില്ല.
