മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം.
പ്രതിരോധശേഷി കൂട്ടണം
മഞ്ഞുകാലത്ത് സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ് ചുമ, ജലദോഷം, പനി എന്നിവ. ഇതിനെ ചെറുക്കാന്‍ ശരീരത്തിന് പ്രതിരോധശേഷി കൂട്ടേണ്ടതായിട്ടുണ്ട്.
കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും
കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്.
ധാന്യങ്ങള്‍, മില്ലറ്റുകള്
ദിവസവും ഉപയോഗിക്കുന്ന ആഹാരത്തില്‍ ഊര്‍ജത്തിന്റെ അളവ് നിലനിര്‍ത്തണം. തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലറ്റുകള് എന്നിവ ഉള്‍പ്പെടുത്താം.
മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങ് വര്‍ഗങ്ങള്‍. മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വളരെ നല്ലതാണ്.
ഇലക്കറികള്‍
രോഗപ്രതിരോധശേഷി കൂട്ടാന്‍ വിറ്റമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മുസമ്പി, പേരയ്ക്ക, കിവി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇലക്കറികള്‍ എല്ലാ സീസണിലും കഴിക്കാമെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് ശൈത്യകാലത്താണ്.
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ശരീര താപനില വര്‍ധിപ്പിക്കുകയും രോഗപ്രതിരോധശേഷി ഉയര്‍ത്തുകയും ചെയ്യും.
പ്രോട്ടീനുകള്‍ ലഭ്യമാകാൻ
കൊഴുപ്പില്ലാത്ത പാലുത്പന്നങ്ങള്‍, മത്സ്യം, കോഴിയിറച്ചി, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീനുകള്‍ ലഭ്യമാകാന്‍ സഹായിക്കും.
ഓട്സ്
തണുപ്പുകാലത്ത് കഴിക്കാവുന്ന ഒരു പ്രഭാതഭക്ഷണമാണ് ഓട്സ്. ഹൃദയാരോഗ്യത്തിനും ദഹനത്തിനും മലബന്ധം തടയാനും ഓട്സിന് കഴിവുണ്ട്.
ബ്രോക്കോളിയും കോളിഫ്ളവറും
ക്രൂസിഫറസ് പച്ചക്കറികളായ ബ്രോക്കോളിയും കോളിഫ്ളവറും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വാഴപ്പഴത്തിലുള്ള ബി വിറ്റാമിനുകളും മഗ്നീഷ്യവും തൈറോയ്ഡ്, അഡ്രിനല്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഈ ഗ്രന്ഥികള്‍ ശരീരതാപനില നിയന്ത്രിക്കുന്നു.
ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ
ചുക്ക് കാപ്പി, ഇഞ്ചി, പുതിന, തേന്‍, കുരുമുളക് ഇവ ചേര്‍ത്ത ചായ എന്നിവ ശൈത്യകാലത്ത് വളരെ നല്ലതാണ്.
സൂപ്പുകള്‍
മഞ്ഞുകാലത്ത് നല്ല ചൂടോടെ സൂപ്പുകള്‍ കുടിക്കാം. പച്ചക്കറികളും പയറുവര്‍ഗങ്ങളും ചേര്‍ത്ത് തയാറാക്കുന്ന സൂപ്പുകള്‍ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നതോടൊപ്പം ചൂടും നല്കുന്നു.
എള്ള്
എള്ള് മഞ്ഞുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിലുള്ള ആവശ്യ ഫാറ്റിആസിഡുകള്‍, വിറ്റമിന്‍ ഇ, അയണ്‍, കാല്‍സ്യം എന്നിവ ആരോഗ്യം സംരക്ഷിക്കുന്നു.
ട്രാൻസ് ഫാറ്റ് കൂടിയത്…
വറുത്ത ഭക്ഷണങ്ങളില്‍ ട്രാന്‍സ്ഫാറ്റ്സ് കൂടുതലാണ്. ഇത് നിയന്ത്രണവിധേയമായി മാത്രം ഉപയോഗിക്കാം.
ഇറച്ചി വാങ്ങുമ്പോൾ
ഏതു പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചി വര്‍ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
ബേക്കറി പലഹാരങ്ങള്‍, മൈദ, പഞ്ചസാര ചേര്‍ന്ന ആഹാരം…
ബേക്കറി പലഹാരങ്ങള്‍, മൈദ, പഞ്ചസാര ചേര്‍ന്ന ആഹാരങ്ങള്‍ എന്നിവ കഴിവതും കുറയ്ക്കണം. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്, ശീതള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കി നിര്‍ത്തണം.
ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.
