വൈപ്പിന്‍: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ്യാര്ഡില് തീപിടിത്തം. ഫോര്‍ട്ട് വൈപ്പിനിലെ സിബ്ലൂ ഷിപ്പ്യാര്ഡില് അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ കിടന്നിരുന്ന എം.എസ്. വിശാലാക്ഷി എന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കപ്പലിനകത്തെ ഒരു ഭാഗം കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല.
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഈ സമയത്ത് കപ്പലിനകത്ത് ആറു ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരാണ് അഗ്നിബാധ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈപ്പിന്‍, പറവൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ഫയര്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറുകൾ നീണ്ട പ്രതയ്നങ്ങൾക്കൊടുവിലാണ് തീയണച്ചത്. നാശനഷ്ടങ്ങള്‍ എത്രയെന്നും കണക്കാക്കിയിട്ടില്ല.
കപ്പലിനകത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വാള് ഫാനിനു തീപിടിച്ച് ബെഡിലേക്ക് വീണതാണ് തീ പടരാന്‍ കാരണമെന്നാണ് നിഗമനം. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകളിലേക്ക് തീ പടര്‍ന്നില്ല. മുളവുകാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
