യുഎസിലെ ഇന്ത്യൻ വംശജനായ പ്രൊഫസർ വിദ്യാർഥികളെ “വേലക്കാരാക്കുന്നുവെന്ന്’ പരാതി; വിദ്യാർഥികളെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് പ്രൊഫസർ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ പ്രൊഫസർ വിദ്യാർഥികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നുവെന്ന് പരാതി. മിസൗറി-കൻസാസ് സിറ്റി സർവകലാശാലയിലെ പ്രൊഫസറായ അഷിം മിത്രയ്ക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. നായ്ക്കളെ പരിചരിക്കാനും മുറ്റമടിക്കാനുമെല്ലാം കുട്ടികളെ ഉപയോഗിക്കുന്നുണ്ട് എന്ന് കൻസാസ് സിറ്റി സ്റ്റാറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിരിക്കുന്നത്. ബലംപ്രയോഗിച്ച് പോലും ഇദ്ദേഹം കുട്ടികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നുണ്ടെന്ന് 12ലേറെ പൂർവ വിദ്യാർഥികളാണ് പരാതിപ്പെട്ടിരിക്കുന്നത്. ആധൂനിക അടിമത്തമായി മാത്രമേ തന്‍റെ സർവകലാശാല കാലത്തെ കാണുന്നതെന്ന് പൂർവിദ്യാർഥിയായ കമേഷ് കുചിമാഞ്ചി പറഞ്ഞു.

ഒരിക്കൽ, തനിക്ക് ഇത്തരം ജോലികൾ ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞപ്പോൾ സർവകലാശാലയിൽ നിന്ന് പുറത്താക്കുമെന്നും വിസ നഷ്ടമാകാനുള്ള നടപടികൾ വരെ ചെയ്യാനാകുമെന്ന് പ്രൊഫസർ ഭീഷണിപ്പെടുത്തിയെന്നും കുചിമാഞ്ചി പറഞ്ഞു. 2016ലും 2018ലും ഇദ്ദേഹത്തിനെതിരെ പരാതികൾ സമർപ്പിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതിന്മേലൊന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കുചിമാഞ്ചി പറഞ്ഞു.

എന്നാൽ, ഇത്തരം പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും താൻ വിദ്യാർഥികളെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലന്നും അഷിം മിത്ര പറഞ്ഞു.

Related posts