ഫിഫ ലോകകപ്പിൽ പന്തുരുണ്ടു തുടങ്ങി. ഓരോ രാജ്യത്തിനും അവരുടേതായ ചരിത്രവും സ്വപ്നങ്ങളുമുണ്ട്. ഇന്ത്യക്കും ഇവ രണ്ടുമുണ്ടായിരുന്നു. എന്നിട്ടും ലോകകപ്പ് ഫൈനൽ റൗണ്ട് എന്ന, ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രദർശന വേദിയിൽ ഒരിക്കൽപോലും നമ്മുടെ ദേശീയ പതാക പാറിയില്ല. മഹാത്മാഗാന്ധിയുടെ ക്ഷമയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടവീര്യവും ഭഗത് സിംഗിന്റെ തീക്ഷ്ണതയും സിരകളിൽ ഒഴുകുന്ന ഒരു ജനതയാണ് നമ്മുടേത്. ക്രിക്കറ്റിലും ഹോക്കിയിലും ചെസിലുമെല്ലാം ലോകത്തെ വിസ്മയിപ്പിക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടാകും ലോകകപ്പ് ഫുട്ബോളിന്റെ വേദിയിലെത്താൻ കഴിയാതെ പോകുന്നത്?
ദാരിദ്യത്തോട് പൊരുതുന്ന ഹെയ്തിയുണ്ട്. യുദ്ധങ്ങളുടെ മുറിവുകളുമായി ഇറാക്കുണ്ട്. അസ്ഥിരതയുടെ നിഴലിൽ ജീവിക്കുന്ന കോംഗോയുണ്ട്. നമ്മുടെ ഒരു പഞ്ചായത്തിലെ പോലും ജനസംഖ്യയില്ലാത്ത കുറസാവോയുമുണ്ട്.
അവരെല്ലാം വിശ്വമേളയുടെ പുൽമൈതാനത്ത് സ്വന്തം പതാക ഉയർത്തി. ഇന്ത്യ എന്തേ ഇന്നും ഗാലറിയിലിരിക്കുന്നു? ആ ചോദ്യം നമ്മേ ചരിത്രത്തിന്റെ പൊടിപിടിച്ച പേജുകളിലേക്ക് എത്തിക്കും.
ഓർത്തുനോക്കൂ.
ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏഷ്യയിലെ പ്രബല ശക്തിയായിരുന്നു. കേരളത്തിന്റെ മലമടക്കുകളിലും ബംഗാളിന്റെ മൈതാനങ്ങളിലും ഗോവയുടെ കടൽക്കാറ്റിലും പഞ്ചാബിന്റെ വയലുകളിലും മൈസൂരുവിന്റെ തെരുവുകളിലും പിറന്ന കളിക്കാർ ലോക നിലവാരത്തിൽ പന്തടിച്ചു. അന്ന് ഫുട്ബോൾ വെറും കളിയായിരുന്നില്ല. അത് ഒരു ജനതയുടെ ജീവനായിരുന്നു.
1948ലെ ലണ്ടൻ ഒളിന്പിക്സ് ഫുട്ബോളിൽ ഇന്ത്യൻ താരങ്ങൾ ലോകത്തെ അദ്ഭുതപ്പെടുത്തി. അവരുടെ പോരാട്ടം ലോക മാധ്യമങ്ങളുടെ തലക്കെട്ടായി. 1956 മെൽബണ് ഒളിന്പിക്സിൽ ഇന്ത്യ സെമിഫൈനൽ വരെ കുതിച്ചു. ഇന്നും ഒരു ഏഷ്യൻ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി അത് നിലനിൽക്കുന്നു. ആ കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു ശൈലൻ മന്ന. ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം. ഫിഫയുടെ നൂറ്റാണ്ടിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ അപൂർവ ഏഷ്യൻ താരങ്ങളിലൊരാളായി അദ്ദേഹം മാറി.
1951ൽ ഡൽഹിയിലും 1962ൽ ജക്കാർത്തയിലും ഇന്ത്യ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടി. അന്ന് ഏഷ്യയിലെ ഫുട്ബോൾ പവർ ഹൗസുകളിൽ ഒന്നായിരുന്നു ഇന്ത്യ. ഇന്ന് പലരും സ്വപ്നം കാണുന്ന നേട്ടങ്ങൾ അന്ന് നമ്മുടെ മുൻതലമുറ നേടിയെടുത്തിരുന്നു.
എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യചിഹ്നമായി 1950 ബ്രസീൽ ലോകകപ്പ് നിലകൊള്ളുന്നു. അന്ന് ലോകകപ്പിൽ കളിക്കാനുള്ള അവസരം ഇന്ത്യയുടെ വാതിൽക്കൽ വന്നു മുട്ടി. പക്ഷേ, ഇന്ത്യ ബ്രസീലിലേക്ക് പോയില്ല. കാരണം എന്തായിരുന്നു? ബൂട്ട് പ്രശ്നം, സാന്പത്തിക പ്രതിസന്ധി, ദീർഘയാത്ര, ഭരണപരമായ അനാസ്ഥ. യഥാർഥ കാരണം എന്തുതന്നെ ആയാലും ഫലം ഒന്നായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ അധ്യായം എഴുതപ്പെടാതെ പോയി. ആ നഷ്ടയാത്ര ഇന്നും ഇന്ത്യൻ ഫുട്ബോളിനെ വേട്ടയാടുന്നു.
അതിന് ശേഷം ദശാബ്ദങ്ങൾ കടന്നുപോയി. ലോകം മാറി. കളിരീതികൾ മാറി. എന്നാൽ ഇന്ത്യൻ ഫുട്ബോൾ ക്രമേണ പിന്നിലേക്കാണ് പാഞ്ഞത്. ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു രാജ്യത്തിന്റെ ഫുട്ബോൾ ഭരണസംവിധാനങ്ങൾ അഴിമതിയുടെയും അധികാര പോരാട്ടങ്ങളുടെയും സ്വജനപക്ഷപാതത്തിന്റെയും പിടിയിലായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കാൻ തുടങ്ങിയതുപോലും 1986 മുതൽ.
ഇന്ന് കേരളത്തിലെ ഗ്രാമമൈതാനത്ത് ഒരു കുട്ടി പന്ത് തട്ടുന്പോഴും കോൽക്കത്തയിലെ മോഹൻ ബഗാൻ ഗാലറിയിൽ ഒരാൾ പതാക വീശുന്പോഴും ഗോവയിലെ കടൽത്തീരത്ത് ഒരു ബാലൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് ഷോട്ട് എടുക്കുന്പോഴും പഞ്ചാബിലെ പൊടിമൈതാനത്ത് മറ്റൊരാൾ ലയണൽ മെസിയുടെ ഡ്രിബിൾ സ്വപ്നം കാണുന്പോഴും അവരുടെയെല്ലാം ഹൃദയത്തിൽ ഒരേ സ്വപ്നമാണ്. ഒരു ദിവസം ഇന്ത്യ ലോകകപ്പ് കളിക്കണം.
ഇത് വെറും കായിക ലക്ഷ്യമല്ല. ഒരു തലമുറയുടെ ആഗ്രഹമാണ്. നഷ്ടപ്പെട്ട ചരിത്രത്തെ തിരികെ പിടിക്കാനുള്ള മോഹം. ശൈലൻ മന്നയും പി.കെ. ബാനർജിയും ചുനി ഗോസ്വാമിയും ജർണയിൽ സിംഗും കോട്ടയം സാലിയും തിരുവല്ല പാപ്പനുമെല്ലാം എഴുതാതെ പോയ ലോകകപ്പ് അധ്യായം പൂർത്തിയാക്കാനുള്ള അടങ്ങാത്ത മോഹം.
ഇന്ത്യയിൽ ഫുട്ബോൾ ഇല്ലെന്ന് പറയാനാകില്ല. പ്രതിഭകളില്ലെന്ന് പറയാനാകില്ല. ആരാധകരില്ലെന്നും പറയാനാകില്ല. ഇല്ലാത്തത് ദിശയും ദർശനവും ആത്മാർഥതയുമാണ്.
വി. മനോജ്
