മുംബൈ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പേസർ ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും ഉപാധികളോടെ ടീമില്‍ തിരിച്ചെത്തി.
ബുംറയും സായ് സുദര്‍ശനും ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ടീമിന്റെ ഭാഗമാകു. പരിക്കിന്റെ പിടിയിലായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല. ഫിറ്റ്നെസ് തെലിയിച്ചാല് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ സുന്ദറിനെ ഉള്‍പ്പെടുത്തും. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ.
ശ്രീലങ്കൻ ‘എ’ ടീമിനെതിരായ ചതുർദിന മത്സരത്തിൽ 70 റൺസും 6 വിക്കറ്റും നേടി മികച്ച പ്രകടനം പുറത്തെടുത്ത ഓഫ് സ്പിന്നർ സാരാന്‍ഷ് ജെയിൻ പുതുമുഖമായി ടീമിലെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിൽ 7 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയനായ ഇടംകൈയ്യൻ സ്പിന്നർ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമിൽ സ്ഥാനം നിലനിര്‍ത്തി. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയെങ്കിലും ഹർഷ് ദുബെയെ സെലക്ടർമാർ പരിഗണിച്ചില്ല.
ബുംറക്ക് പുറമെ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍, എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റൻ ഗില്ലിന് പുറമെ കെ.എൽ. രാഹുൽ,യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന്, ദേവ്ദത്ത് പടിക്കൽ, എന്നിവരാണുളളത്.
വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യൻ ടീം ശ്രീലങ്കയില്‍ ചതുര്‍ദിന പരിശീലന മത്സരം കളിക്കും.
