ചണ്ഡീഗഡ്: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വരെ ചികിത്സ സൗജന്യമാക്കി പഞ്ചാബ് എഎപി സർക്കാർ. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്. ജനുവരി മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
എല്ലാ ജനങ്ങൾക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും.
പ്രധാന അസുഖങ്ങൾ, ക്രിട്ടിക്കൽ കെയർ, ശസ്ത്രക്രിയകൾ, ജീവൻരക്ഷാ ചികിത്സകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരും. എല്ലാ സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. പണം നൽകേണ്ടതില്ലാത്ത കാഷ് ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
