ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്ക് നേരെ അധികാരികൾ നടത്തുന്ന പൊലിസ് അതിക്രമങ്ങൾക്കും ‘ദണ്ട്’ (വടി) ഉപയോഗിച്ചുള്ള അതിക്രമ നയത്തിനുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി. പൊലിസ് നടപടികൾക്ക് പ്രതീകാത്മക മറുപടിയായി ‘വൈഷ്ണവ ജന തോ’ എന്ന ഗാനം പുല്ലാങ്കുഴലിൽ വായിച്ചായിരുന്നു വാർത്താ സമ്മേളനം. സമർ എന്ന കലാകാരനാണ് പുല്ലാങ്കുഴൽ വായിച്ചത്. വാർത്താസമ്മേളനത്തിന് മുന്നോടിയായി സമർ എന്ന കാലാകരനെ അദ്ദേഹം വേദിയിൽ പരിചയപ്പെടുത്തി.
ഒക്ടോബറിൽ താൻ കസ്റ്റഡിയിലായെന്നും സിവിൽ വേഷത്തിലെത്തിയ പൊലിസ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായും സമർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് ഫോർമാറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായ മറ്റൊരു എൻഎസ്യുഐ പ്രവർത്തകയെയും രാഹുൽ ഗാന്ധി ‘ഷെർനി’ (പെൺപുലി) എന്ന് വിശേഷിപ്പിച്ച് വേദിയിൽ അവതരിപ്പിച്ചു. കസ്റ്റഡിയിലുള്ള കൊണാട്ട് പ്ലേസ് പൊലിസ് സ്റ്റേഷനിൽ വെച്ച് വനിതാ പൊലിസുകാരുടെ മർദനമേറ്റതായി യുവതിയും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.
