കോഴിക്കോട്: എലത്തൂർ റെയിൽവേ ഗേറ്റ് അനിശ്ചിതമായി അടച്ചിട്ടതുമൂലം പ്രദേശവാസികള്‍ ദുരിതത്തില്‍. രാത്രികാലങ്ങളിലും ഷണ്ടിംഗുള്ളപ്പോഴും അപകടം സംഭവിച്ചാലോ അസുഖംവന്നാലോ നാട്ടുകാർ ഒരുകിലോമീറ്ററോളം താണ്ടി വേണം നഗരത്തില്‍ എത്താന്‍. രണ്ട് ഹൈസ്കൂളുകളും രണ്ട് എൽപി സ്കൂളുകളുമുള്ള എലത്തൂരിലാണ് പ്രദേശത്തെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്.
നൂറുകണക്കിന് വിദ്യാർഥികൾ ദിവസവും റെയിൽ മുറിച്ചുകടന്നാണ് സഞ്ചരിക്കുന്നത്. റെയിൽവേ നടപടിക്കെതിരേ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും സമരം നടത്തുകയും മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ചെയ്തിട്ടും നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഗേറ്റ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള റെയിൽവേ നീക്കത്തിനെതിരേ രാഷ്ട്രീയ, സാംസ്കാരിക സംഘടനകൾ സമരം നടത്തിയിരുന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ, മുൻ മേയർ ബീന ഫിലിപ്പ് എന്നിവരുൾപ്പെടെ വിഷയത്തിലിടപെട്ടെങ്കിലും റെയിൽവേ വഴങ്ങിയില്ല. ജനങ്ങളുടെ ജീവിതം തടസപ്പെടുത്തി ഷണ്ടിംഗ് നടത്തരുതെന്നും ഗേറ്റ് 24 മണിക്കൂറും തുറന്നിടണമെന്നും റെയിൽവേയ്ക്ക് മനുഷ്യാവകാശ കമീഷൻ ഉത്തരവ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ചില ദിവസങ്ങളിൽ 24 മണിക്കൂറും ഗേറ്റ് അടയ്ക്കുകയാണ്. ഗേറ്റ് അടച്ചാൽ മറ്റ് ഇടവഴികളിലൂടെ പോകുന്നതിനായി ഇരട്ട പാളം മുറിച്ചുകടക്കണം. മഴയത്ത് ഓയിലും വെള്ളവും ചേർന്നുണ്ടാകുന്ന വഴുക്കലിൽ പാളത്തിൽ വീണ് പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടും. കഴിഞ്ഞദിവസം എലത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് ജനകീയ ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും കൗൺസിലർ ഇ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
