പോലീസിന് തിരിച്ചടി! അരുംകൊലയുടെ ഞെട്ടലില്‍നിന്ന് മുക്തമാകാതെ ഗുണ്ടുമല; സ്വര്‍ണമാല വാങ്ങിയത് ഒരാഴ്ചമുമ്പ്

Rajaguru

മൂന്നാര്‍: മൂന്നാറിലെ ഗുണ്ടുമല എസ്റ്റേറ്റിലുള്ള ശിശുപാലന കേന്ദ്രത്തിലെ ആയയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമികളെകുറിച്ച് സംഭവംനടന്ന് രണ്ടാംദിവസവും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇപ്പോഴും അന്യസംസ്ഥാന തൊഴിലാളികളിലേക്കാണ് സംശയത്തിന്റെ മുന നീളുന്നതെങ്കിലും അതിലേക്ക് എത്തുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇടുക്കിയില്‍നിന്ന് പോലീസ് നായയെ സംഭവ സ്ഥലത്തെത്തിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.  കഴിഞ്ഞ ദിവസം ഗുണ്ടുമലയിലെ കനത്ത മഞ്ഞുവീഴ്ചമൂലം പ്രദേശം മുഴുവന്‍ നനഞ്ഞുകിടന്നതും തിരിച്ചടിയായി.

ഫോറന്‍സിക് വിദഗ്ധരെത്തി സംഭവംനടന്ന കെട്ടിടത്തിനുള്ളിലും പരിസരത്തും പരിശോനകള്‍ നടത്തി. എസ്റ്റേറ്റിലെ തൊഴിലാളികളില്‍ നിന്നും സംഭവദിവസവും തുടര്‍ന്നുള്ള ദിവസവും സ്ഥലത്ത് ഇല്ലാതിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ രണ്ടാംദിവസവും ഗുണ്ടുമലയിലെ തൊഴിലാളികള്‍ ഞെട്ടലില്‍നിന്നും മുക്തരായിട്ടില്ല. എസ്റ്റേറ്റ് തൊഴിലാളികളുടെ കുട്ടികളെ സുരക്ഷിതമായി ഏല്‍പിച്ചുപോകുന്ന ക്രഷിലെ സംഭവം തൊഴിലാളികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ആറുമാസം പ്രായമായ കുട്ടികള്‍മുതല്‍  മൂന്നു വയസുവരെ പ്രായമുള്ള കുട്ടികളെയാണ് തൊഴിലാളികള്‍ പണിക്കുപോകുന്ന സമയത്ത് ക്രഷില്‍ ആക്കിയിരുന്നത്. എന്നാല്‍ സംഭവത്തോടെ  കുട്ടികളെ ക്രഷില്‍ കൊണ്ടുവിടുന്നതിനും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്.  പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികല്‍ താമസിക്കുന്ന എസ്റ്റേറ്റിലെ ആരുംകൊല പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഐജിയുടെ നിര്‍ദേശപ്രകാരം പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

സ്വര്‍ണമാല വാങ്ങിയത് ഒരാഴ്ചമുമ്പ്

മൂന്നാര്‍: മരണപ്പെടുന്നതിന് ഒരാഴ്ചമുമ്പ് മാത്രമാണ് ഗുണ്ടുമലയില്‍ കൊല്ലപ്പെട്ട ശിശുപാലന കേന്ദ്രത്തിലെ ആയ രാജഗുരു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത്. മൂന്നാറിലെ ജൂവലറിയില്‍നിന്നും ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ വാങ്ങിയത്. ഈ സ്വര്‍ണാഭരണങ്ങള്‍ മൂന്നാറില്‍ ഇവര്‍ സ്ഥിരമായെത്തുന്ന കടയിലെ ജീവനക്കാരനെയും കാണിച്ചിരുന്നു.

മാല, കമ്മല്‍, മൂക്കുത്തി എന്നിവയുള്‍പ്പെടെ 12 പവനോളം സ്വര്‍ണമാണ് ഇവര്‍ അണിഞ്ഞിരുന്നത്. സ്ഥിരം നിരീക്ഷിച്ചിരുന്നവരോ അടുപ്പമുള്ള ആരെങ്കിലുമോ ആഭരണങ്ങള്‍ തട്ടിയെടുക്കുവാന്‍ കൊലപാതകം ആസൂത്രണം ചെയ്യാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.
തലയില്‍ എട്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. തലയില്‍ മാത്രമാണ് മുറിവുള്ളത്. ഇതിനാല്‍ കരുതിക്കൂട്ടിയുള്ള കൊലപാതകമാകാമിതെന്നാണ് പോലീസിന്റെ സംശയം.   മൂന്നാറില്‍നിന്നും 27 കിലോമീറ്റര്‍ അകലെയും ഒറ്റപ്പെട്ട പ്രദേശവുമായ ഗുണ്ടുമലയില്‍ പുറത്തുനിന്നും ആളുകളെത്തി കൃത്യം നടത്താനുള്ള സാധ്യത ഇല്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

Related posts