സ്വന്തം ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ ! ചിത്രം ഒരുക്കുന്നത് മൂന്ന് ഭാഗങ്ങളായി; സിനിമ വന്‍വിവാദങ്ങള്‍ക്കിടയാക്കുമെന്ന് മുന്നറിയിപ്പും…

സ്വന്തം ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. മൂന്ന് ഭാഗങ്ങളായാണ് താന്‍ ചിത്രം ഒരുക്കുന്നതെന്നും സിനിമ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കുമെന്നും രാമു കുറിച്ചു. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതമാണ് ദൈര്‍ഘ്യം. രചനയും രാമു തന്നെയാണ്.

രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മക്കു മുരളിയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തില്‍ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്. ഈ സിനിമയില്‍ പുതുമുഖമാണ് രാംഗോപാല്‍ വര്‍മയെ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും പ്രമുഖ യുവതാരത്തെയാവും പരിഗണിക്കുക. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി.

ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തില്‍ തന്റെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെ കുറിച്ചും പറയുമെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. എന്തായാലും രാമുവിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം ചര്‍ച്ചകള്‍ക്കു വഴിവെച്ചിട്ടുണ്ട്.

Related posts

Leave a Comment