കൊച്ചി: ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍ക്കോ ഹണ്ട്’ ജനം ഏറ്റെടുത്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനോടകം ഏകദേശം 70 കോടിയുടെ മയക്കുമരുന്നാണ് പോലീസ് പിടികൂടിയതെന്നും അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിമുക്തിക്കായി ചികിത്സ വേണമെങ്കില്‍ നല്കാന് തയ്യാറാണ്. ആശുപത്രികള്‍ തയ്യാറാണ്. ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭായ് കോളനിയില്‍ പോയി അതിഥി തൊഴിലാളികളെ കണ്ട് സംസാരിക്കും. പെരുമ്പാവൂരിനെ പഴയ പെരുമ്പാവൂര്‍ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി മാറ്റാനുള്ള അന്തര്‍ദേശീയ തലത്തിലുള്ള മാഫിയകള്‍ കേരളത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും. ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തലമുറകളോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
