അസുഖബാധിതയായ മുത്തശ്ശിയെ പരിചരിക്കാൻ അവധി ചോദിച്ച ജീവനക്കാരനോട് മാനേജർ കാട്ടിയ ക്രൂരത സോഷ്യൽ മീഡിയയിൽ കനത്ത ജനരോഷത്തിന് കാരണമാകുന്നു. കുടുംബത്തിലെ അടിയന്തര സാഹചര്യങ്ങളിൽ കമ്പനികൾ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. കവി കൃഷ്ണൻ എന്ന ജീവനക്കാരനാണ് തന്റെ മാനേജരുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
തന്റെ മുത്തശ്ശിയുടെ നില അതീവ ഗുരുതരമാണെന്നും അതിനാൽ മൂന്ന് ദിവസത്തെ അവധി വേണമെന്നും ജീവനക്കാരൻ വ്യക്തമായി മാനേജറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, “പെട്ടെന്നാണോ നീ അവധി ചോദിക്കുന്നത്? എന്നായിരുന്നു മാനേജരുടെ നിരുത്തരവാദപരമായ മറുപടി. ഈ സന്ദേശം വന്ന് നിമിഷങ്ങൾക്കകം മുത്തശ്ശി മരണപ്പെടുകയും ചെയ്തു.
എന്റെ മുത്തശ്ശിയുടെ നില അതീവ ഗുരുതരമായിരുന്നു, അതിനാൽ ഞാൻ 3 ദിവസത്തെ അവധി ചോദിച്ചു. ‘പെട്ടെന്നാണോ ചോദിക്കുന്നത്’ എന്നായിരുന്നു മാനേജരുടെ മറുപടി. ഇപ്പോൾ എന്റെ മുത്തശ്ശി മരണപ്പെടുകയും ചെയ്തു. ചില മനുഷ്യർക്ക് അടിസ്ഥാനപരമായ സഹാനുഭൂതി പോലുമില്ല, എന്നാണ് എക്സ് പ്ലാറ്റ്ഫോമിൽ അദേഹം കുറിച്ചത്.
ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും മാനേജരുടെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിൽ ജീവനക്കാരെ യന്ത്രങ്ങളെപ്പോലെ കാണുന്ന ഇത്തരം പഴയ ചിന്താഗതിക്കാരായ മാനേജർമാർ ധാരാളമുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി.
