മരിക്കുന്നതിന് തൊട്ടുമുമ്പും റസില്‍ ഫേസ്ബുക്കില്‍ കുറിച്ചത്, മോഹന്‍ലാലിനെക്കുറിച്ച്! നിപ്പാ വൈറസ് മൂലം മരിച്ച, തന്റെ ആരാധകന്‍ കൂടിയായ യുവാവിന്റെ മരണത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി താരം

കേരളത്തെ ആശങ്കിയിലാഴ്ത്തി അനേകം ജീവനുകള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുന്ന നിപ്പ വൈറസ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ആരാധകന് ആദരാഞ്ജലികളുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗം റസില്‍ ഭാസ്‌കരന് താരം ആദരാഞ്ജലി അര്‍പ്പിച്ചത്. നിപ പനി മൂലം നിര്യാതനായ എന്റെ പ്രിയ സഹോദരന്‍ റസില്‍ ഭാസ്‌കറിന് ആദരാഞ്ജലികള്‍ എന്നാണ് ഇയാളുടെ ചിത്രം സഹിതം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നിപ്പ ഭീതിയുടെ തുടക്കത്തിലും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആളുകള്‍ക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കിയികുന്നു. അതിങ്ങനെ: നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ,ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല.

എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം. ഇങ്ങനെയാണ് മോഹന്‍ലാല്‍ കുറിച്ചത്. നിപ്പയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കേരളത്തില്‍ വീണ്ടും ആശങ്ക ഉളവാക്കി കൊണ്ടിരിക്കുന്നത്. ലാല്‍ ആരാധകരെല്ലാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി ഏരിയ കമ്മിറ്റി അംഗമാണ് റസില്‍. കഴിഞ്ഞ മോഹന്‍ലാലിന്റെ പിറന്നാളിന് ബാലുശേരിയില്‍ വൃദ്ധസദനത്തിലെ ആളുകള്‍ക്കൊപ്പമായിരുന്നു റസിലും കൂട്ടരും പിറന്നാള്‍ ആഘോഷിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പും മോഹന്‍ലാലിനെക്കുറിച്ചായിരുന്നു റസിലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍.

പിറന്നാള്‍ ദിവസം മോഹന്‍ലാലിനെക്കുറിച്ച് റസില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ…മോഹന്‍ലാല്‍ (ലാലേട്ടന്‍) എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് എന്ന് ഓര്‍മ്മയില്ല. അപ്പോള്‍ മുതല്‍ എന്റെ ശരീരത്തിന്റെ ഭാഗമായും എന്റെ കുടുംബത്തിലെ അഗംമായും അദ്ദേഹം ഉണ്ട്. ഒരോ മലയാളിക്കും അങ്ങനെയായിരിക്കും.

അഭിനയം എന്ന കലകൊണ്ട് പലരീതിയില്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ കലയില്‍ ഈ അവതാരത്തെ വെല്ലാന്‍ ഇതുവരെ ആരും പിറവിയെടുത്തിട്ടില്ല. ഇനി ആരും വരാനും പോവുന്നില്ല. ചിലപ്പോള്‍ എതിര്‍ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാകാം. പക്ഷേ അതൊന്നും ഈ മനുഷ്യനെ തളര്‍ത്തിയിട്ടില്ല. വളര്‍ത്തിയിട്ടേയുള്ളൂ.

ഈ വിസ്മയത്തിന്റെ കഴിവിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോലും കണ്ടെത്തേണ്ടിയിരിക്കുന്നു. നാളെ ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ സിനിമയുടെ തമ്പുരാന് എന്റെ ഏട്ടന് ലാലേട്ടന് കോടി കണക്കിന് അനിയന്‍മാരുടെയും അനിയത്തിമാരുടെയും ഇടയില്‍ ഒരാളായ ഈ അനിയന്റെ എല്ലാ വിധ ആശംസകളും നേരുന്നു.’

പനിയെ തുടര്‍ന്ന് റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് വൈറസ് ബാധ ഏറ്റതെന്നാണ് സംശയം.

Related posts