നിപ്പയില്‍ സിനിമയും അടിതെറ്റുന്നു, മലബാര്‍ ഭാഗത്ത് തിയറ്ററുകള്‍ പലതും പൂട്ടിയിടുന്നു, മറ്റു ജില്ലകളിലും പാതി പോലും നിറയുന്നില്ല, നിപ്പ വൈറസും മഴയും ഒത്തുവന്നതോടെ സിനിമയ്ക്ക് നഷ്ടക്കച്ചവടം

മലബാര്‍ ഭാഗത്ത് സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിയൊരുക്കിയ നിപ്പ വൈറസ് മലയാള സിനിമയെയും പ്രതിസന്ധിയിലാക്കുന്നു. രോഗം കൂടുതല്‍ ഭാഗത്തേക്ക് പടരുന്നതിനിടെ കോഴിക്കോട്, മലപ്പുറം ഭാഗത്തെ തിയറ്ററുകള്‍ പലതും അടച്ചിടാന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്.

പല തിയറ്ററുകളിലും ആളു കുറഞ്ഞതോടെ നടത്തിപ്പു ചെലവു വരെ കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയിലാണ് ഉടമകള്‍. രണ്ടുമാസം മുമ്പ് വരെ എല്ലാ ഷോകള്‍ക്കും തന്നെ 60 ശതമാനം വരെയെങ്കിലും നിറഞ്ഞിരുന്ന തിയറ്ററുകളില്‍ ഇപ്പോള്‍ നാമമാത്രമാണ് പ്രേക്ഷകര്‍ കയറുന്നത്.

നിപ്പ ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുന്നതാണ് ഇതിനു കാരണം.

കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിലെ ഒരു തിയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം കാണാനെത്തിയത് വെറും അഞ്ചുപേരാണ്. ഒടുവില്‍ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കാഴ്ച്ചക്കാര്‍ക്ക് ഇരട്ടി പൈസ നല്കി ഷോ ഉപേക്ഷിച്ചു. മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല.

എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് തിയറ്ററുകളെ മൂകമാക്കിയിരിക്കുന്നത്. പൊതുവേ ഈ വര്‍ഷം സിനിമരംഗത്തിന് വലിയ മെച്ചമല്ല. അതിനിടയ്ക്ക് വേനല്‍മഴ നേരത്തെ എത്തിയതും ഇപ്പോള്‍ കാലവര്‍ഷം ആരംഭിച്ചതുമെല്ലാം ആളുകളെ തിയറ്ററില്‍ നിന്ന് അകറ്റുന്നു.

മലബാര്‍ ഭാഗത്ത് ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്‍, സ്വകാര്യ ബസ് ജീവനക്കാര്‍ തുടങ്ങിയവരുടെ ജീവതത്തേയും ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുള്ള കടകളില്‍ 40 ശതമാനത്തോളം വ്യാപാരം കുറഞ്ഞുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പഴവര്‍ഗങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. മാംസ, മത്സ്യ വില്‍പ്പനയിലും ഹോട്ടല്‍ കച്ചവടത്തിലും ഇടിവുണ്ട്. സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുന്നു. ഗവ. ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരിലും വന്‍ കുറവാണനുഭവപ്പെടുന്നത്.

യാത്രക്കാര്‍ കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പ്പാലം ഡിപ്പോക്ക് പ്രതിദിന വരുമാനചോര്‍ച്ച രണ്ടുലക്ഷം രൂപയായി. നോട്ടു നിരോധനത്തിനുശേഷം പതിയെ ഉണര്‍ന്നു വന്ന മലബാറിലെ സാമ്പത്തിക രംഗത്തിന് നിപ്പ വലിയ തിരിച്ചടിയായെന്ന് ചുരുക്കം.

Related posts